അന്തര്‍സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന ഉണങ്ങിയ വന്‍വീട്ടിമരം മുറിച്ച് നീക്കണമെന്ന ആവശ്യംശക്തം. 2012 ല്‍ റവന്യൂവകുപ്പ് മരം മുറിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും പൊതുമരാമത്ത് വകുപ്പ് മരം മുറിക്കുന്നില്ലെന്നാണ് ആരോപണം.
ബത്തേരി -പാട്ടവയല്‍ അന്തര്‍സംസ്ഥാന പാതയില്‍ നമ്പികൊല്ലിയിലാണ് ഉണങ്ങിയ വന്‍ വീട്ടിമരം റോഡിലേക്ക് ചരിഞ്ഞ് നില്‍ക്കുന്നത്. ഏതുസമയവും ഈ മരം റോഡിലേക്ക് പതിക്കാമെന്ന അവസ്ഥയിലാണ് നില്‍പ്പ്. മരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 2012ല്‍ റവന്യൂവകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മരം മുറിച്ചുനീക്കാന്‍ അന്നത്തെ തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും മരം മുറിച്ച് അപകടഭീഷണി ഒഴിവാക്കാന്‍ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും മരം റോഡിലേക്ക് കൂടുതല്‍ ചരിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സമീപത്തെ ചെറിയ ഒരു മരത്തിന്റെ ശിഖരത്തില്‍ തട്ടിനില്‍ക്കുകയാണ്. മരം വീണാല്‍ വന്‍അപകടമാവും സംഭവിക്കുക. ഈ സാഹചര്യത്തില്‍ മരം എത്രയും പെട്ടന്ന് മുറിച്ചുനീക്കണമെന്നാണ് ആവശ്യം.