നൂല്‍പ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ തകര്‍ന്നതുവഴി വാട്ടര്‍ അതോറിറ്റിക്ക് സംഭവിച്ചത് പത്ത് ലക്ഷം രൂപയുടെ നഷ്ടം. കഴിഞ്ഞയാഴ്ച ഉണ്ടായ പ്രളയത്തില്‍ കല്ലൂര്‍ പുഴയ്ക്ക് കുറുകെ സ്ഥാപിച്ച പൈപ്പ്ലൈനാണ് തകര്‍ന്നത്. പൈപ്പുകള്‍ പുനസ്ഥാപിച്ച് ഈ ആഴ്ച തന്നെ ശുദ്ധജല വിതരണം ആരംഭിക്കാനാണ് അധികൃതരുടെ നീക്കം.
ഇക്കഴിഞ്ഞ പ്രളയത്തിലാണ് നൂല്‍പ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈനുകള്‍ തകര്‍ന്നത്. മുത്തങ്ങയില്‍ നിന്നും നിരപ്പത്തേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുലൈനുകളാണ് തകര്‍ന്നത്. കല്ലൂര്‍ പുഴയക്ക് കുറുകെ സ്ഥാപിച്ചിരുന്ന പദ്ധതിയുടെ പൈപ്പുകള്‍ മഴവെള്ളപ്പാച്ചില്‍ തകരുകയായിരുന്നു. ഇതിലൂടെ പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് വാട്ടര്‍ അതോറിറ്റിക്ക് ഉണ്ടായിരിക്കുന്നത്. നിലവില്‍ പൈപ്പ് ലൈനുകള്‍ നവീകരണം അതിവേഗം നടന്നുവരുകയാണ്. ഇവ പുന:സ്ഥാപിച്ച് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കുടിവെള്ള വിതരണം പുന: സ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഈ പദ്ധതിക്കുകീഴില്‍ നൂല്‍പ്പുഴ പഞ്ചായത്തിലും ബത്തേരി നഗരസഭയിലുമായി 3000-ത്തോളം ഉപഭോക്താക്കളാണ് ഉള്ളത്.