ശുചീകരണ മഹായജ്ഞം നാളെ ഒരു ലക്ഷം പേര്‍ അണിനിരക്കും

0

മഴക്കെടുതിയില്‍ തകര്‍ന്ന ജില്ലയെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഏകദിന ശുചീകരണ യജ്ഞത്തില്‍ നാളെ (ഞായര്‍) ഒരു ലക്ഷത്തോളം പേര്‍ അണിനിരക്കും. രാവിലെ 9 മുതല്‍ നടക്കുന്ന യജ്ഞത്തില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍/ പ്രവര്‍ത്തകര്‍, സ്‌ക്രാപ് മര്‍ച്ചന്റ്സ്, വ്യാപാരി വ്യവസായി സംഘടനകള്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, സര്‍വ്വീസ് സംഘടനകള്‍, തദ്ദേശവാസികള്‍, ഗുണഭോക്താക്കള്‍ എന്നിങ്ങനെ സമൂഹത്തിലെ നാനാവിഭാഗത്തിന്റേയും സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അമ്പതിനായിരത്തിലധികം പ്രവര്‍ത്തകരെ ശുചീകരണത്തിനായി ഒരുക്കിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സേവനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്. രജിസ്ട്രേഷനായി ഫോണ്‍ 9497299160, 9495246200.

ഒരോ ഗ്രാമപഞ്ചായത്തിലും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ശുചീകരണം നടത്തുക. വീടുകളുടെ ശുചീകരണത്തിനാണ് മുന്‍ഗണന നല്‍കുക. ക്യാമ്പുകളില്‍ കഴിയുന്നവര്‍ തിരികെയെത്തുമ്പോഴേക്കും വീട് വാസയോഗ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളുടെ ശുചീകരണവും ഇതോടൊപ്പം നടക്കും. ആദിവാസി കോളനികളുടെ ശുചീകരണത്തിനും യജ്ഞത്തില്‍ പ്രാധാന്യം നല്‍കും. മണ്ണ് നീക്കം ചെയ്യല്‍, കിണര്‍ ശുചീകരണം, പരിസര ശുചീകരണം എന്നിവയും ഏറ്റെടുക്കും. കിണറുകള്‍ ഇടിഞ്ഞ് താഴാന്‍ സാധ്യതയുളളതിനാല്‍ വെളളം വറ്റിച്ച് കൊണ്ടുളള ശുചീകരണം നടത്തില്ല. ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശാനുസരണം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി പാനയോഗ്യമാക്കുന്നതിനുളള നടപടികളാണ് എടുക്കുക. ശുചീകരണത്തിന് ആവശ്യമെങ്കില്‍ യന്ത്രസഹായം ഉപയോഗിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അമ്പതിനായിരം രൂപ വരെ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ അനുമതിയുണ്ട്.

ശുചീകരണ യജ്ഞത്തിനാവശ്യമായ സാമഗ്രികള്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. വാര്‍ഡ്തല ഏകോപനസമിതിയ്ക്കാണ് ശുചീകരണ പ്രവര്‍ത്തകര്‍ക്ക് ശുചീകരണ സ്ഥലവും സാമഗ്രികളും ലഭ്യമാക്കേണ്ട ചുമതല. ഓരോ പ്രദേശത്തേക്കും ആവശ്യമായ സാമഗ്രികളുടെ ലിസ്റ്റ് പഞ്ചാത്തുകള്‍ നല്‍കണം. ശുചീകരണ ത്തിലേര്‍പ്പെടുന്നവര്‍ക്ക് എലിപനി പ്രതിരോധ മരുന്നുകള്‍,സുരക്ഷാമാര്‍ഗങ്ങളായ ഗംബുട്ടുകള്‍, കൈയ്യുറകള്‍ എന്നിവയും നല്‍കും. ഇ-വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പികള്‍, മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ എന്നിവ വെവ്വേറെ ശേഖരിക്കും. അജൈവ മാലിന്യങ്ങള്‍ പഞ്ചായത്തുകളുടെ എം.സി.എഫുകളിലും മറ്റ് കേന്ദ്രങ്ങളിലും താല്‍ക്കാലികമായി സൂക്ഷിക്കും. ഇവ ഹരിത സഹായ ഏജന്‍സികളായ ക്ലീന്‍ കേരള ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് കൈമാറും. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കും. വാര്‍ഡ്തലം കേന്ദ്രീകരിച്ച് നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ അവരവരുടെ പരിസര പ്രദേശങ്ങള്‍ ശുചീകരിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

ശുചീകരണ മുന്നൊരുക്കം സംബന്ധിച്ച് തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും വിവിധ സംഘടനാ പ്രതിനിധികളുടേയും യോഗം ആസൂത്രണഭവന്‍ ഹാളില്‍ ചേര്‍ന്നു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, എ.ഡി.എം കെ.അജീഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!
19:12