പുത്തുമല ദുരന്ത സ്ഥലത്ത് മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായുള്ള തെരച്ചലിന് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളെത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കൂടുതല്‍ മണ്ണ് ചുരുങ്ങിയ സമയം കൊണ്ട് നീക്കാന്‍ കഴിയുന്ന നാല് യന്ത്രങ്ങള്‍ കൂടി എത്തിച്ചത്. ഇവിടെ നിന്നും താഴെ ഭാഗത്ത് അടിഞ്ഞുകൂടി മണ്ണ് ഒരു മണിക്കൂറോളം ഈ യന്ത്രങ്ങള്‍ നീക്കിയെങ്കിലും മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. എന്‍.ഡി.ആര്‍.എഫിന് പുറമെ അഗ്‌നിരക്ഷാ സേനയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും തെരച്ചിലില്‍ വ്യാപൃതരാണ്. അറുന്നോറോളം പേരാണ് ചൊവ്വാഴ്ച പകല്‍ മുഴുവനും ദുരന്ത സ്ഥലത്ത് തെരച്ചിലിനുണ്ടായിരുന്നത്. മഴയൊഴിഞ്ഞു നിന്നെങ്കിലും വന്‍ മരങ്ങള്‍ ഉള്‍പ്പടെ പ്രദേശത്തേക്ക് ഒഴുകി വന്നടിഞ്ഞതിനാല്‍ തെരച്ചില്‍ ദുഷ്‌കരമായിരുന്നു. ട്രാക്ടര്‍ ഉപയോഗിച്ച് മരങ്ങള്‍ കെട്ടി വലിച്ച് ഒരു ഭാഗത്തേക്ക് ഒതുക്കുന്നുണ്ട്. ഇവിടങ്ങളില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നുണ്ട്. ഭാഗികമായി തകര്‍ന്ന വീടുകളുടെ പരിസരത്തും പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ട്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുള്ള ഇടങ്ങള്‍ മാര്‍ക്ക് ചെയ്താണ് പരിശോധന പുരോഗമിക്കുന്നത്. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്ത്വത്തിലുള്ള സംഘം തെരച്ചിലിന് നേതൃത്വം നല്‍കുന്നു. ബുധനാഴ്ച രാവിലെ മുതല്‍ വീണ്ടും കൂടുതല്‍ സന്നാഹങ്ങളുമായി തെരച്ചില്‍ തുടരുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. എന്‍.ഡി.ആര്‍.എഫിലെ നൂറ് പേരാണ് ചൊവ്വാഴ്ച തെരച്ചിലിനിറങ്ങിയത്. ഡെപ്യൂട്ടി കമാന്‍ഡന്റ് ടി.എം.ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്ന ടീമംഗങ്ങളെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. സൈന്യവും തെരച്ചിലില്‍ ആദ്യം മുതലെ ഉണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.