വികാസ്പീഡിയയില്‍ വിവരദാതാവായി അവനീത്

0

മാനന്തവാടി> കേന്ദ്ര ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആന്റ് ഇലക്ട്രോണിക്സ് മന്ത്രാലയത്തിന് കീഴിലെ വിജ്ഞാന വികസന പോർട്ടലായ വികാസ് പീഡിയയിൽ വിവരദാതാവായി ആദിവാസി യുവാവ്. 2014-ൽ ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ പോർട്ടൽ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്ന് ഒരാൾ വിവരദാതാവാകുന്നത്. പണിയ വിഭാഗക്കാരായ വെള്ളമുണ്ട ആലഞ്ചേരി ആറാംചോട്ടിലെ വാസു -അമ്മിണി ദമ്പതികളുടെ മകനായ അവനീത് ആണ് കൃഷി, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിൽ വിവരങ്ങൾ നൽകാൻ യോഗ്യത നേടിയത്. പ്ലസ് ടു മാത്രം വിദ്യഭ്യാസ യോഗ്യതയുള്ള അവനീത് ഒരു ബ്ലോഗ്ഗർ കൂടിയാണ്.വീഡിയോഗ്രാഫി തൊഴിലായി സ്വീകരിച്ച ഇദ്ദേഹം വിവാഹ ആൽബങ്ങളും പ്രാദേശിക ചാനലുകൾക്ക് വേണ്ടി ക്യാമറയും ചെയ്യുന്നുണ്ട്. 23 ഭാഷ കളിൽ അറിവ് പങ്ക് വെയ്ക്കുന്ന വികാസ് പീഡിയ മലയാളത്തിന് രണ്ട് കോടിയിലധികമാണ് പോർട്ടൽ ഹിറ്റ്. നിലവിൽ വിവിധ വിഷയങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം വിവരദാതാക്കൾ ഉണ്ടെങ്കിലും ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായാണ് ഒരാൾ വിവരദാതാവായി കടന്നു വരുന്നതെന്ന് വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി വി ഷിബു പറഞ്ഞു. വിവരദാതാവ് എന്നത് സന്നദ്ധ പ്രവർത്തനമാണങ്കിലും കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുന്നതിനനുസരിച്ച് കേന്ദ്ര ഗവൺമെന്റ് പാരിതോഷികങ്ങൾ നൽകും. ഹൈദരാബാദ് ആസ്ഥാനമായ കേന്ദ്ര ഗവൺമെന്റിന്റ കമ്പ്യൂട്ടിംഗ് സ്ഥാപനമായ സി-ഡാക് വഴിയാണ് പാരിതോഷികൾ നൽകുന്നത്. കൃഷി, ആരോഗ്യം, സമൂഹ്യക്ഷേമം, ഊർജ്ജം, വിദ്യാഭ്യാസം, ഇ -ഭരണം എന്നീ വിഷയങ്ങളിൽ ആർക്കും പോർട്ടലിലേക്ക് വിവരങ്ങൾ പങ്ക് വെക്കാം. വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയാണ് വികാസ് പീഡിയ മലയാളത്തിന്റെ സ്റ്റേറ്റ് നോഡൽ ഏജൻസി, മൊബൈൽ ആപ്ലിക്കേഷൻ വഴിയും വികാസ് പീഡിയയിലേക്ക് വിവരങ്ങൾ പങ്ക് വെക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!