കെട്ടിട നിര്‍മ്മാണ അനുമതി, കെട്ടിട നമ്പറിങ്, ഒക്യുപെന്‍സി അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ ജില്ലാതല അദാലത്തില്‍ ആകെ ലഭിച്ചത് 116 അപേക്ഷകള്‍. പനമരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലായാണ് അദാലത്ത് സംഘടിപ്പിച്ചത്. അപേക്ഷകളില്‍ 35 അപേക്ഷകള്‍ കെ.പി.ബി.ആര്‍ ചട്ടലംഘനത്തിന്റെ ഭാഗമായി ക്രമവത്കരണത്തിന് ശുപാര്‍ശ നല്‍കി തീര്‍പ്പാക്കി. 62 അപേക്ഷകളാണ് റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ശുപാര്‍ശയക്ക് നല്‍കി തീര്‍പ്പാക്കിയത്. കൂടാതെ ഒരു അപേക്ഷ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പരിഗണനയ്ക്കും നിര്‍ദ്ദേശിച്ചു.റോഡില്‍നിന്ന് മൂന്നു മീറ്റര്‍ അകലം പാലിക്കാതെ നിര്‍മ്മാണം നടത്തിയ കെട്ടിടങ്ങള്‍, തോട്ടഭൂമി, കേരള ലാന്‍ഡ് റിഫോംസ് ആക്ട് പ്രകാരമുള്ള ഭൂമി എന്നിവയിന്‍മേല്‍ ലഭിച്ച 18 അപേക്ഷകള്‍ അദാലത്തില്‍ നിരസിച്ചു.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ് ടിമ്പിള്‍ മാഗി, അസി.ടൗണ്‍ പ്ലാനര്‍ ടി.എന്‍ ചന്ദ്രബോസ്,എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.എസ് ദിലീപ്,കൃഷി ഓഫിസര്‍ എസ് അജിത, കെ.എസ്.ഇ.ബി ട്രാന്‍സ് മിഷന്‍ എന്‍ജിനീയര്‍ അയ്യപ്പന്‍,മാനന്തവാടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിനു തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കി.