അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനൊരുങ്ങി ജി വി എച്ച് എസ് എസ് മാനന്തവാടി

0

മാനന്തവാടി: കേരളസര്‍ക്കാരിന്‍റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പരിഗണിച്ച മാനന്തവാടി ജി വി എച്ച് എസ് എസില്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി ഒരു നിയോജകമണ്ഡലത്തില്‍ നിന്നും ഒരു വിദ്യലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി ഒ ആര്‍ കേളു എം എല്‍ എയാണ് ഈ സ്കൂളിനെ ശുപാര്‍ശ ചെയ്തത്. 1950 ലാണ് വയനാട് ജില്ലയിലെ ആദ്യ ഗവണ്‍മെന്റ്‌ സ്കൂളായി മാനന്തവാടി ഗവര്‍മെന്റ് ഹൈസ്കൂള്‍ നിലവില്‍ വന്നത്. തുടര്‍ന്ന് 1990 ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയും 2000 ല്‍ ഹയര്‍സെക്കന്‍ഡറിയും നിലവില്‍ വന്നു. അതുകൊണ്ട് തന്നെ കാലപ്പഴക്കം, പാഠ്യപാഠ്യേതര
പ്രവര്‍ത്തനങ്ങളിലുള്ള മികവ്, വിജയശതമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്കൂളിനെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പരിഗണിച്ചത്. പദ്ധതിക്കായി 5 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുക ബാക്കിയുള്ള തുക സ്കൂള്‍ തന്നെ സ്വരൂപിക്കണം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി പത്ത്കോടി രൂപയുടെ പദ്ധതിയാണ് മാനന്തവാടി സ്കൂളില്‍ നടപ്പിലാക്കുന്നത്. പി ടി എ, സ്കൂള്‍ മാനേജ്മെന്റ് ആന്‍ഡ്‌ ഡെവലപ്മെന്റ് കമ്മിറ്റി, പൂര്‍വ്വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ അലുമിനി അസോസിയേഷന്‍ എന്നിവയ്ക്കാണ് സ്കൂളില്‍ ഇതിന്‍റെ നടത്തിപ്പ് ചുമതല.
തിരുവനന്തപുര൦ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന പത്മശ്രീ ജി ശങ്കര്‍ ഡയറക്ടര്‍ ആയുള്ള ഹാബിറ്റാറ്റ് എന്ന കമ്പനിയുടെ നേതൃത്വത്തില്‍ സ്കൂളിന്‍റെ വിശദമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി കമ്പനി ഹാബിറ്റാറ്റ് തയ്യാറാക്കിയ പ്ലാന്‍ സ്കൂളില്‍ പ്രായോഗികമാണോ എന്ന് പരിശോധന നടത്തുകയും ആണെന്ന റിപ്പോര്‍ട്ട്‌ സര്‍ക്കാരിന് വീണ്ടും സമര്‍പ്പിക്കുകയും ചെയ്തു കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി ഹൈസ്കൂളിലും ഹയര്‍സെക്കന്‍ഡറിയിലും ഓരോ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും ബാക്കിയുള്ള പഴയ കെട്ടിടങ്ങള്‍ അതിന്‍റെ സൗന്ദര്യം നിലനിര്‍ത്തികൊണ്ട് പുതുക്കിപണിയാനുമാണ് തീരുമാനം. ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്‌, നഗരസഭ, എം പി ഫണ്ടുകള്‍, വിവധ സ്പോണ്‍സര്‍മാര്‍, എന്നിവിടങ്ങളില്‍ നിന്നായി അഞ്ചു കോടിയോളം രൂപ സമാഹരിക്കാനാണ് സ്കൂള്‍ അധികൃതരുടെ ശ്രമം. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളെയും സമീപിക്കാനും തീരുമാനിച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് കിഫ്ബി അനുവാദം നല്‍കിയ 37 സ്കൂളുകളില്‍ വയനാട്ടില്‍ നിന്നും മാനന്തവാടി സ്കൂളും മുണ്ടേരി സ്കൂളും ഉള്‍പ്പെട്ടിട്ടുമുണ്ട്. ഇപ്പോള്‍ നാല് വര്‍ഷമായി ഈ സ്കൂളില്‍ പ്രവേശനം നേടാനെത്തുന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വന്‍വര്‍ധനവാണ് അതിനാല്‍ ക്ലാസ്സുകളുടെ ഡിവിഷനും വര്‍ധിപ്പിച്ചു. എന്നാലും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കാനും സാധിക്കുന്നില്ല. പൊതുവിദ്യാലയങ്ങളുടെ തിരിച്ചുവരവിനു ഉത്തമ ഉദാഹരണമാണ് മാനന്തവാടി സ്കൂളിന്‍റെ ഈ നേട്ടങ്ങള്‍.

Leave A Reply

Your email address will not be published.

error: Content is protected !!