മാനന്തവാടി നഗരത്തില്‍ ചട്ടലംഘനങ്ങള്‍ക്ക് നിയമാനുമതി
മാനന്തവാടി നഗരത്തില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച ബഹുനില കെട്ടിടത്തിന് നഗരസഭയുടെ ക്രമവല്‍ക്കരണാനുമതി.പാര്‍ക്കിംഗ് ഏരിയകള്‍ കടമുറികളാക്കിയതായി ഓഡിറ്റിംഗ് വിഭാഗം കണ്ടെത്തി.. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാതെ ഞെരുങ്ങുന്ന മനന്തവാടി നഗരത്തില്‍ പാര്‍ക്കിംഗ് ഏരിയ കടമുറികളാക്കുന്ന നിയമ ലംഘനത്തിന് നഗരസഭയുടെ പച്ചക്കൊടി. ജില്ലാ ഓഡിറ്റിംഗ് വിഭാഗമാണ് ക്രമക്കേട് പുറത്തുകൊണ്ടുവന്നത്.
150 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കേണ്ട സ്ഥാനത്ത് 107 വാഹനപാര്‍ക്കിഗ് ഏരിയകള്‍ കാണിച്ചാണ് കെട്ടിട നിര്‍മാണം ക്രമവല്‍ക്കരിച്ചത്.ഇതിന് ശേഷം പാര്‍ക്കിഗ് സ്ഥലങ്ങളില്‍ പകുതിയോളം തരം മാറ്റിയതായും ആഡിറ്റിംഗ് സംഘം കണ്ടെത്തി.മൈസൂര്‍ റോഡില്‍ സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് 11241.46 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള എട്ട് നില വാണിജ്യ കെട്ടിടമാണ് ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണം നടത്തിയതായി ആഡിറ്റിംഗ് വിഭാഗം കണ്ടെത്തിയത്.മുന്‍സിപ്പാലിറ്റിച്ചട്ട പ്രകാരം ഇരു ചക്ര വാഹന പാര്‍ക്കിംഗിനുള്‍പ്പെടെ കെട്ടിടത്തില്‍ 149 കാര്‍ പാര്‍ക്കിംഗ് ഏരിയയാണ് നീക്കിവെക്കേണ്ടത്.എന്നാല്‍ മുന്‍സിപ്പാലിറ്റിയില്‍ സമര്‍പ്പിച്ച കെട്ടിടത്തിന്റെ ക്രമ വല്‍ക്കരണ പ്ലാനില്‍ തന്നെ 107 കാര്‍പാര്‍ക്കിംഗ് സ്ഥലമാണ് കാണിച്ചത്.ഇരു ചക്രവാഹനങ്ങള്‍ക്കായി സ്ഥലം നീക്കിവെച്ചിട്ടില്ല.മുന്‍സിപ്പാലിറ്റി അംഗീകരിച്ച ക്രമ വല്‍ക്കരണ പ്ലാനില്‍ നിന്നും വിത്യസ്തമായി പ്ലാനില്‍ പാര്‍ക്കിഗിനായി കാണിച്ച സ്ഥലങ്ങള്‍ പിന്നീട് കടമുറികളാക്കി മാറ്റിയതായി ആഡിറ്റിംഗ് വിഭാഗം സ്ഥല പരിശോധനയില്‍ കണ്ടെത്തി.ക്രമ വല്‍ക്കരണ പ്ലാനില്‍ അടിസ്ഥാന നിലയില്‍ 43,തറനിലയില്‍ 32,ഒന്നാം നിലയില്‍ 19,മൂന്നാം നിലയില്‍ 13 എന്നിങ്ങനെയാണ് കാര്‍പ്പാര്‍ക്കിംഗ് സ്ഥലങ്ങള്‍
ഇതില്‍ അടിസ്ഥാന നിലയില്‍ മൂന്ന് മീറ്റര്‍ മാത്രം വീതിയുള്ള ഡ്രൈവ് വേയിലാണ് പത്തോളം വാഹനങ്ങളുടെ പാര്‍ക്കിഗ് കാണിച്ചിരിക്കുന്നത്.തറനിലയില്‍ കാണിച്ച നിലവില്‍ നാല് കാര്‍പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കടമുറികളാക്കി മാറ്റിയതായും മറ്റ് സ്ഥലങ്ങളിലും നിര്‍മാണം നടക്കുന്നതായും ആഡിറ്റ് വിഭാഗം കണ്ടെത്തുകയുണ്ടായി.മാനന്തവാടി നഗരസഭയില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളെക്കുറിച്ച് നേരത്തെ മുതല്‍ തന്നെ പരാതികളുയര്‍ന്നതാണ്.കാര്‍പ്പാര്‍ക്കിഗ് സ്ഥലമായി ക്കാണിച്ച് കെട്ടിട നമ്പര്‍ വാങ്ങിയ ശേഷം പിന്നീട് കടമുറികളാക്കി മാറ്റി വാടകക്ക് നല്‍കുന്നിതാനാല്‍ കെട്ടിത്തിലേക്കെത്തുന്ന വാഹനങ്ങള്‍ റോഡ് കൈയ്യേറിയാണ് പാര്‍ക്കിഗ് നടത്തുന്നത്.ഇത് കാരണം വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള കാല്‍ നടയാത്രക്കാര്‍ക്ക് ദുരിതം വര്‍ദ്ധിക്കുകയും ചെയ്യുന്നു.നഗരസഭയുടെ പിടിപ്പുകേടാണ് ഇതിന് പിന്നിലെന്നാണ് ആരോപണമുയരുന്നത്.