ദേശീയ മത്സ്യ കര്‍ഷക ദിനം വയനാടിന് പുരസ്‌ക്കാര ദിനമായി മാറി. ദേശീയ തലത്തിലെ മികച്ച ശുദ്ധജല മത്സ്യ കര്‍ഷകനുള്ള പുരസ്‌ക്കാരം മാനന്തവാടി നഗരസഭയില്‍ നിന്നുള്ള കെ.ജെ ജെറാള്‍ഡിനും സംസ്ഥാനതലത്തിലെ മികച്ച ശുദ്ധജല മത്സ്യ കര്‍ഷകനുള്ള പുരസ്‌ക്കാരം പൊഴുതന പഞ്ചായത്തില്‍ നിന്നുള്ള അബ്ദുള്‍ റഷീദിനും ലഭിച്ചു. കുളങ്ങളില്‍ ഗിഫ്റ്റ് തിലാപ്പിയ കൃഷിയാണ് ഇരുവരും നടത്തിവരുന്നത്. യഥാക്രമം 150 സെന്റ്,100 സെന്റ് സ്ഥലങ്ങളിലാണ് ഇരുവരുടെയും കൃഷി. ദേശീയതലത്തില്‍ എന്‍.എഫ്.ഡി.ബിയുടെ ഈ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ശുദ്ധജല മത്സ്യ കര്‍ഷകനും ജെറാള്‍ഡായിരുന്നു.
ദേശീയ മത്സ്യ കര്‍ഷക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി അദ്ധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ആദരിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ ലൈവ് ഫിഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മത്സ്യകൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും നൂതനകൃഷി രീതികളെ കുറിച്ചുളള ശില്‍പശാലയും നടന്നു. സംസ്ഥാനതലത്തില്‍ തന്നെ കുറഞ്ഞ ജല വിസ്തൃതിയുള്ള ജില്ലയാണെങ്കിലും മത്സ്യകൃഷി മേഖലകളില്‍ ഏറെ മികച്ച പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നു വരുന്നതെന്ന് ശില്‍പശാല വിലയിരുത്തി. പുന ചംക്രമണ കൃഷി, ശാസ്ത്രീയ കാര്‍പ്പ് കൃഷി, ആസാംവാള കൃഷി, പടുതാ കുളത്തിലെ മത്സ്യകൃഷി, കൂട്കൃഷി, കുളത്തിലെ നൈല്‍ തിലാപ്പിയ കൃഷി തുടങ്ങിയ നിരവധി പദ്ധതികളിലായി അയ്യായിരത്തോളം കര്‍ഷകരാണ് ജില്ലയില്‍ മത്സ്യകൃഷി ചെയ്യുന്നത്. ചടങ്ങില്‍ സംസ്ഥാന പുരസ്‌ക്കാര ജേതാവ് അബ്ദുള്‍ റഷീദ്, ജില്ലയിലെ മുതിര്‍ന്ന മത്സ്യ കര്‍ഷകരായ എ.സി രാഘവന്‍, ബേബി ചെമ്പനാനിക്കല്‍, ജോര്‍ജ്ജ് ചുള്ളിയാന, വര്‍ഗ്ഗീസ് ചക്കാലക്കല്‍, ഇ ഡി അഗസ്റ്റിന്‍, ജില്ലയിലെ മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ടി കെ ജ്യാസ്ന എന്നിവരെ ആദരിച്ചു. അസിസ്റ്റന്റ് ഡയരക്ടര്‍ എം ചിത്ര,ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.വി മുബഷിറ, കെ.ശശീന്ദ്രന്‍, കെ.ഡി പ്രിയ, കെ.ടി ബിന്ദു, സന്ദീപ് കെ രാജു, ഗ്രഹന്‍ പി തോമസ്, ജ്വാല പി രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.