അടിസ്ഥാന സൗകര്യ വികസനം തിരുനെല്ലി ക്ഷേത്രത്തിന് 3.8 കോടി
തിരുനെല്ലി ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന ഗവണ്‍മെന്റ് 3 കോടി 80 ലക്ഷം രൂപ അനുവദിച്ചു. തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ക്ഷേത്ര പരിസരം പുനരുദ്ധരിക്കുന്നതിന് തുക വിനിയോഗിക്കും. വര്‍ഷത്തില്‍ പതിനായിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തുന്ന പാപനാശിനിക്കരയില്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കും. പാപനാശിനിയിലെ ബലിക്കടവ് നവീകരണം, കല്‍പ്പാത്തിയുടെയുടെ അറ്റകുറ്റപ്പണി, അമ്പലം മുതല്‍ ബലിക്കടവ് വരെ നടപ്പാതയില്‍ ഗ്രാനൈറ്റ് പാകല്‍, ബലിയിടാനെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വസ്ത്രം മാറാനുള്ള സ്ഥല സൗകര്യമൊരുക്കല്‍, ഗുണ്ഡിക ക്ഷേത്രത്തിലേക്ക് പടികളും നടപ്പാതയും, ക്ഷേത്രപരിസരത്തെ വൈദ്യുതീകരണം, തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ഇരിപ്പിടം ഒരുക്കല്‍, മാലിന്യ വീപ്പകള്‍ സ്ഥാപിക്കല്‍, സൂചനാ ബോര്‍ഡുകള്‍ വെക്കല്‍ എന്നിവയാണ് പ്രവൃത്തികള്‍.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് തയ്യാറാക്കിയ പദ്ധതി അംഗീകരിച്ചാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. കഴിഞ്ഞ മെയ്യില്‍ പദ്ധതിക്ക് ടൂറിസം വകുപ്പ് വര്‍ക്കിങ് ഗ്രൂപ്പ് അംഗീകാരം നല്‍കി. തുടര്‍ന്ന് ഒ ആര്‍ കേളു എംഎല്‍എ ഇടപെട്ട് 3.80 കോടിയുടെ പ്രവൃത്തികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഭരണാനുമതി നേടുകയായിരുന്നു. ടൂറിസം വകുപ്പുതന്നെയാണ് നിര്‍വഹണ ഏജന്‍സി. ഒരുവര്‍ഷംകൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശം. 14827490 രൂപയാണ് പാപനാശിനിയിലെ ബലിക്കടവ് നവീകരണത്തിന് അനുവദിച്ചിട്ടുള്ളത്. 1870018 രൂപക്കാണ് കല്‍പ്പാത്തി നവീകരിക്കുക. ഗ്രാനൈറ്റ് പാകുന്നതിന് 8891708 രൂപയാണുള്ളത്. 46 ലക്ഷം രൂപ ചെലവിലാണ് ബലിയിടാനെത്തുന്നവര്‍ക്ക് വസ്ത്രം മാറുന്നതിനുള്ള സ്ഥലസൗകര്യം ഒരുക്കുക. ഗുണ്ഡിക ക്ഷേത്രത്തിലേക്കുള്ള സ്‌റ്റെപ്പിനും നടപ്പാതക്കും
1081796 രൂപ, ക്ഷേത്രപരിസരത്തെ വൈദ്യുതീകരണത്തിന്-2823093, ഇരിപ്പിടം ഒരുക്കല്‍-2024000, സൂചനാ ബോര്‍ഡുകള്‍-260000, മാലിന്യ വീപ്പകള്‍- 175000 എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. കര്‍ക്കടകവാവ് ബലിക്ക് പിതൃതര്‍പ്പണത്തിന് പതിനായിരങ്ങളാണ് തിരുനെല്ലിയില്‍ എത്തുന്നത്. പാപനാശനിക്കര ജനനിബിഡമാകും. ബലിതര്‍പ്പണം നടത്തുന്ന പാപനാശിനിയിലും കരയിലും പരിമിതമായ സൗകര്യങ്ങളേയുള്ളു. ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ തിരക്കും നിയന്ത്രിക്കാനാവും.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ, ക്ഷേത്രപരിസരങ്ങിലെ പൗരാണികത നിലനിര്‍ത്തിയായിരിക്കും പദ്ധതികള്‍ നടപ്പാക്കുക.