യുവതിയെ വെട്ടികൊലപ്പെടുത്തിയ സംഭവം;പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതിയെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് പ്രതിയായ നെടുമല ദേവസ്യയെ തലപ്പുഴ എസ്.ഐ. പി.ജെ ജിമ്മിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിനായി വാളാട് എത്തിച്ചത്. കൊല്ലപ്പെട്ട പ്രശാന്തഗിരി മഠത്താശ്ശേരി സിനിയുടെ വീട്ടിലും വാളാട് ടൗണിലെ രണ്ട് കച്ചവട സ്ഥാപനങ്ങളിലുമാണ് പ്രതിയെ എത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. ഇന്ന് ഉച്ചയോടെ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. തുടര്‍ന്നാണ് കൂടുതല്‍ തെളിവുകള്‍ക്കായി പ്രതിയെ പ്രദേശത്ത് കൊണ്ടുവന്നത്. ഈ മാസം 17 ന് രാവിലെയാണ് പ്രശാന്തഗിരി മീത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനിയെ (32) വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയായ നെടുമല ദേവസ്യയെ അന്നു തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യുകയായിരുന്നു.വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. കൊല്ലപ്പെട്ട സിനിയുടെ ഭര്‍ത്താവ് ബൈജുവിന്റെ മാതൃസഹോദരനും അയല്‍വാസിയുമാണ് ഇയാള്‍.ദേവസ്യയും ബൈജുവും തമ്മില്‍ രണ്ട് വര്‍ഷമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കമാണ് വ്യക്തി വൈരാഗ്യത്തിന് കാരണമായത്. ദേവസ്യയ്ക്കെതിരെ സിനി പോലീസില്‍ പരാതി നല്‍കിയതാണ് ഇയാളെ കൂടുതല്‍ പ്രകോപിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ യുവതി രാവിലെ ജോലി സ്ഥലത്ത് നിന്നും വീട്ടീലെത്തി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ കത്തിയുപയോഗിച്ച് വെട്ടിക്കൊന്നത്. പ്രതിയും കൊല ചെയ്യപ്പെട്ട യുവതിയും ഒരേ സ്ഥലത്തായിരുന്നു തൊഴിലുറപ്പ് ജോലി ചെയ്തത്. യുവതിയെ കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് പ്രതിയുടെ വീടിന്റെ പിന്‍ഭാഗത്തു നിന്ന് അന്ന് തന്നെ കണ്ടെടുത്തിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി വ്യാഴാഴ്ച പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കും.