അന്നദാനം മഹാദാനം :കാന്‍സര്‍ രോഗികള്‍ക്ക് ഉച്ചഭക്ഷണം
കാന്‍സര്‍ രോഗികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കി നാടിന്റെ കൂട്ടായ്മ.നല്ലൂര്‍നാട്ടെ അംബേദ്ക്കര്‍ ജില്ലാ കാന്‍സര്‍ സെന്ററില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കാണ് പ്രദേശത്തെ നൂറ്റമ്പതോളം കുടുംബക്കാര്‍ ചേര്‍ന്ന് സുഭിക്ഷമായ ഉച്ചഭക്ഷണം ഒരുക്കി നല്‍കുന്നത്.സൗജന്യമായി നല്‍കുന്ന ഉച്ചക്കഞ്ഞി ഇവിടെയെത്തുന്ന രോഗികള്‍ക്ക് ഏറെ അനുഗ്രഹമാവുകയാണ്.നല്ലൂര്‍നാട് പുതിയിടം കുന്നിലുള്ള അംബേദ്കര്‍ മെമ്മോറിയല്‍ ജില്ലാ ക്യാന്‍സര്‍ സെന്ററില്‍ നിത്യവും അമ്പതിലധികം രോഗികളാണ് കീമോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സക്കായെത്തുന്നത്. ഗ്രാമീണമേഖലയിലുള്ള ആശുപത്രിയായതിനാല്‍ ഇവിടെയെത്തുന്നവര്‍ക്ക് പണം നല്‍കിയാല്‍ പോലും ഭക്ഷണം ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നില്ല.ഇതേ തുടര്‍ന്നാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്് മുന്‍കൈയ്യെടുത്ത് രോഗികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കാനുള്ള സാധ്യതകള്‍ തേടിയത്. പ്രദേശവാസികളായ മുഴവന്‍ കുടുംബങ്ങളും രോഗികള്‍ക്ക് ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യാന്‍ സന്നദ്ധരായി വന്നതോടെ ഉച്ചഭക്ഷണ പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു. ആശുപത്രിയോടനബന്ധിച്ചുള്ള അടച്ചിട്ട കെട്ടിടം ഇതിനായി ബ്ലോക്ക് പഞ്ചായത്ത്് വിട്ടു നല്‍കുകയും ചെയ്തു.ഇവിടേക്കാവശ്യമായ മുഴുവന്‍ പലവ്യഞ്ജന സാധനങ്ങളും ഓട്ടോ ഡ്രൈവര്‍മാരുള്‍പ്പെടെയുള്ളവരാണ് എല്ലാദിവസങ്ങളിലും എത്തിക്കുന്നത്.രണ്ട് കുടുംബങ്ങള്‍ വീതം മാറി മാറിയെത്തി ഭക്ഷണം പാകം ചെയ്താണ് പ്രദേശത്തെ നൂറ്റി അറുപത് കുടുംബങ്ങള്‍ ഈ പ്രവൃത്തിയില്‍ ഭാഗമാക്കാവുന്നത്.ആശുപത്രി എച്ച് എം സി യുടെയും ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ജനകീയകൂട്ടായ്മയില്‍ നടത്തുന്ന സംരംഭത്തിന് സെബാസ്റ്റ്യന്‍ കോച്ചുകുടിയില്‍,രവീന്ദ്രന്‍ വീട്ടിക്കളം,അലി പള്ളിയാല്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.