കല്‍പ്പറ്റ എടപ്പെട്ടിയില്‍ മലബാറില്‍ ആദ്യമായി ഇരട്ടകളുടെ സംഗമം നടന്നു.മലബാറിലെ ആദ്യത്തെ ഏറ്റവും വലിയ ഇരട്ടകളുടെ സംഗമത്തില്‍ കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ ജാതി മത പ്രായ ഭേദമന്യേ 270 ഇരട്ടകള്‍ പങ്കെടുത്തു.രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെയാണ് വിവിധ പ്രായത്തിലുള്ള ഇരട്ടകളും ഒറ്റ പ്രസവത്തില്‍ മൂന്ന് കുട്ടികളുള്ള കുടുംബങ്ങളും പരിപാടിക്ക് രജിസ്റ്റര്‍ ചെയ്തത്. ഇരട്ടകളായ വൈദികര്‍, അഭിഭാഷകര്‍, സൈനികര്‍ , കലാകാരന്‍മാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി 130 ലധികം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ യുഗ്മ 2019 എന്ന പേരില്‍ സംഘടിപ്പിച്ച സംഗമത്തിനെത്തി. ഉത്തരാഖണ്ഡില്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന ജവാന്‍മാരായ കല്‍പ്പറ്റ അമ്പിലേരിയിലെ ഇരട്ടകളായ ജിതിന്‍ സുരേഷ്, നിതിന്‍ സുരേഷ് എന്നിവരെയും ഇരട്ടകളായ ദമ്പതിമാരെയും ഇരട്ടകളായ വൈദികരും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഇരട്ടകളെയും പ്രത്യേകമായി ആദരിച്ചു.
അഞ്ച് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ 68 വയസ്സുള്ള ഇരട്ടകള്‍ വരെയും ഒറ്റ പ്രസവത്തില്‍ മൂന്ന് മക്കള്‍ വീതമുള്ള മൂന്ന് കുടുംബങ്ങളും പരിപാടിക്കെത്തി.
മാനന്തവാടി കണിയാരത്തെ നസീര്‍ അഷിത ദമ്പതികള്‍ ഒറ്റ പ്രസവത്തില്‍ തങ്ങള്‍ക്കുണ്ടായ ലാമിയ, ലെയ്ക്ക, ലെയ് ഷ എന്നിവരുമായാണ് സംഗമത്തില്‍ പങ്കെടുത്തത് .ബത്തേരി മൂലങ്കാവിലെ റാത്തപ്പള്ളില്‍ അഭിലാഷ് ജിംഷ ദമ്പതികള്‍ തങ്ങളുടെ അഞ്ച് വയസ്സുകാരായ എയ്ഡന്‍ മാത്യു, എമ്മ മറിയ, മിഷേല്‍ അന്ന എന്നിവരുമായും മൂന്നാനക്കുഴി കളപ്പുരക്കല്‍ വിനോദും ഭാര്യ ഷീജയും ഒറ്റ പ്രസവത്തില്‍ ജനിച്ച ഏബല്‍ അഗസ്റ്റ്യന്‍ മാത്യൂ, എയ്ഡന്‍ കുര്യന്‍ മാത്യു, സെറ എലിസബത്ത് മാത്യൂ എന്നിവരെയും കൂട്ടിയാണ് സംഗമത്തിലേക്കെത്തിയത്. രിപാടി ഉദ്ഘാടനം ചെയ്ത ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍. എ യുടെ പി.എ. ഷാജിയും ഇരട്ട സഹോദരനായ ഷിബുവിനൊപ്പമെത്തി. വയനാട് ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍ ആദരിക്കല്‍ ചടങ്ങിന് തുടക്കം കുറിച്ചു.
മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ അബ്രാഹം നെല്ലിക്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍. എ എല്‍.ഡി. അപ്പച്ചന്‍, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ,ഫാ .. തോമസ് ജോസഫ് തേരകം, ഗ്രാമ പഞ്ചായത്തംഗം സുന്ദര്‍രാജ്, കെ .രാമദാസ് കളത്തില്‍, അഡ്വ.രാജി, ട്രസ്റ്റി മാത്യു കൊച്ചാലുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു