വിറയ്ക്കുന്ന കാലുകളില്‍ വീട് സ്വപ്‌നം കണ്ട് മണി
ആദിവാസി ഉന്നമനത്തിനായി കോടികള്‍ ചിലവഴിക്കുമ്പോള്‍ ബസ് അപകടത്തില്‍ പരിക്കുപറ്റി ഇരുകാലുകളും തകര്‍ന്ന ആദിവാസി യുവാവിന്റെ ജീവിതം ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയില്‍. മാനന്തവാടി കോണ്‍വെന്റ് കുന്ന് കോളനിയിലെ മണിയും കുടുംബവുമാണ് വീടെന്ന സ്വപ്നവുമായി കൂരയ്ക്കുള്ളില്‍ ജീവിതം തള്ളിനീക്കുന്നത്. കാലുകള്‍ തകര്‍ന്നെങ്കിലും ഊന്നുവടിയില്‍ ലോട്ടറി വില്‍പ്പന നടത്തിവന്ന മണിയുടെ കാലുകള്‍ക്ക് ബലം നഷ്ടമായതിനാല്‍ ലോട്ടറി വില്‍പ്പനയും നിര്‍ത്തേണ്ടിവന്നു. ഇതോടെ കുടുംബം പട്ടിണിയിലേക്ക് നീങ്ങി.2014ല്‍ മാനന്തവാടി ബസ്സ് സ്റ്റാന്റില്‍ ലോട്ടറി വില്‍പ്പനക്കിടെ കെ.എസ്.ആര്‍.ടി.സി.ബസ്സ് മണിയുടെ ദേഹത്തു കൂടി കയറിയിറങ്ങിയതോടെ ജീവിതത്തിന്റെ പകുതി അവസാനിച്ചു.ചികിത്സയെ തുടര്‍ന്ന് ഊന്നുവടിയുടെ സഹായത്തോടെ ലോട്ടറി വില്‍പ്പന തുടര്‍ന്നു. ഇപ്പോഴാകട്ടെ ഇരുകാലുകളുടെയും വിറയല്‍ കൂടിയതിനാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല.മണി താമസിക്കുന്ന കൂരക്ക് രേഖയില്ലാത്തതിനാല്‍ വീട് വെക്കാനും പറ്റില്ല.എന്നാല്‍ മണിയുടെ അവസ്ഥ മനസിലാക്കിയെങ്കിലും ഒരു വീട് നല്‍കാന്‍ അധികൃതര്‍ തയ്യാറുമല്ല.ഫലത്തില്‍ മണിയും കുടുംബവും കൂരക്കുള്ളില്‍ നരകയാതനയോടെ ജീവിതം തള്ളിനീക്കുകയാണ് വീടെന്ന സ്വപ്നവും ബാക്കിയാക്കി.ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയതാണ് മണിയുടെ കുടുംബം മണിയും മകള്‍ രേണുകയും നല്ല പാട്ടുകാരുമാണ്.9-ാം ക്ലാസ്സില്‍ പഠിക്കുന്ന രേണുകയെ സംഗീത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ രേണുക നല്ലൊരു പാട്ടുകാരിയായി മാറുകയും ചെയ്യും. കുടുംബത്തിന്റെ ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അധികൃതര്‍ മുന്‍കൈ എടുത്ത് മണിക്ക് വീട് വെച്ച് നല്‍കിയാല്‍ മണിയുടെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുകയും ചെയ്യും.