റേഡിയോ മാറ്റൊലി വാര്‍ഷികാഘോഷ സമാപനം ജൂണ്‍ 1 ന്
കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി പത്താം വാര്‍ഷികാഘോഷ സമാപനം 2019 ജൂണ്‍ 1 ന് ദ്വാരക കോര്‍പറേറ്റ് എജ്യൂക്കേഷന്‍ ഏജന്‍സി ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ഫാ.ബിജോ കറുകപ്പിള്ളി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.കാര്‍ഷിക മേഖലയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, ജല സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, മുന്നറിയിപ്പുകള്‍,ആദിവാസി മേഖലകള്‍ എന്നിങ്ങനെ നിരവധിയായ മാനുഷിക പ്രശ്‌നങ്ങളില്‍ ഇടപെടുകയും ശ്രദ്ധയില്‍പ്പെടുത്തുകയും പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കുകയും സാമൂഹികമായ ഇടപെടലിലുടെ മുഖം നോക്കാത്ത സമീപനങ്ങള്‍ കൈക്കൊള്ളാന്‍ റോഡിയോ മാറ്റൊലിക്ക് 10 വര്‍ഷം കൊണ്ട് കഴിഞ്ഞുവെന്നും പറഞ്ഞു.സമാപന സമ്മേളനം വൈകുന്നേരം മൂന്ന് മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.ബിഷപ്പ് ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും. കിടപ്പുരോഗികള്‍ക്കുള്ള റേഡിയോസെറ്റ് വിതരണ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എയും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ശ്രീധന്യയെ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയും മാറ്റൊലിക്ക് ലഭിച്ച അവാര്‍ഡുകളുടെ വിതരണം സി.കെ.ശശിന്ദ്രന്‍ എം.എല്‍.എയും നിര്‍വഹിക്കും.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടര്‍ സി.വി ജോയി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ ജോസഫ് പള്ളത്ത്, റെനീഷ് ആര്യപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.