നാരോക്കടവ് ക്വാറിയില്‍ സബ്കളക്ടറുടെ പരിശോധന
വിവാദമായ വെള്ളമുണ്ട നാരോക്കടവ് കരിങ്കല്‍ ക്വാറിയില്‍ മാനന്തവാടി സബ്കളക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം പരിശോധന നടത്തി. ലീസിന് അനുവദിച്ച ഭൂമിയില്‍ നിന്ന് മാറി പാറ ഖനനം നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. പട്ടയ സ്‌കെച്ചില്ലെന്ന പേരില്‍ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നത് വൈകിപ്പിച്ച സാഹചര്യത്തിലാണ് സബ്കളക്ടര്‍ നേരിട്ട് സ്ഥലപരിശോധന നടത്തിയത്. നാരോക്കടവിലെ ശില ബ്രിക്സിനെതിരെയാണ് ബാണാസുര പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സബ്കളക്ടര്‍ക്ക് ഒരു വര്‍ഷം മുമ്പ് പരാതി നല്‍കിയത്.ലീസിനനുവദിച്ച ഭൂമിയിലെ മുഴുവന്‍ പാറകളും പൊട്ടിച്ച ശേഷം സര്‍ക്കാര്‍ ഭൂമിയില്‍ ഖനനം നടത്തുന്നുവെന്നായിരുന്നു പരാതി.പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ക്വാറിയുടമ നടത്തിയ അനധികൃത പാറഖനനം കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ശിലാ ബ്രിക്സിന് ലീസിനനുവദിച്ച 249 നമ്പര്‍ സര്‍വ്വെയില്‍ പെട്ട 1.94 ഏക്കര്‍ സ്ഥലം അളന്നു തിരിക്കാനും ഈ ഭൂമിയില്‍ നേരത്തെയുണ്ടായിരുന്ന റിസര്‍വ്വ് മരങ്ങളുടെ നിലവിലെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാനും സര്‍വ്വെയറെ ചുമതലപ്പെടുത്തിയിരുന്നു.എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.പട്ടയ സ്‌കെച്ച് ലഭ്യമല്ലെന്നും അതിനാല്‍ സബ്ഡിവിഷന്‍ ജോലികള്‍ നടത്താനാവില്ലെന്നുമാണ് സര്‍വ്വെയര്‍ നല്‍കിയ മറുപടി.ഇതിന് മുമ്പും സര്‍ക്കാര്‍ ഭൂമിയില്‍ പാറഖനം നടത്തിയതിന്റെ പേരില്‍ പിഴയടച്ച ക്വാറിയുടമ ഇപ്പോള്‍ നടത്തുന്ന അനധികൃത ഖനനത്തിനും റവന്യു വകുപ്പിലെ ചിലര്‍ കൂട്ടുനില്‍ക്കുകയാണെന്നായിരുന്നു പ്രകൃതി സംരക്ഷണ സമിതിയുടെ പരാതി.സബ്കളക്ടര്‍,ജില്ലാ ജിയോളജിസ്റ്റ്,തഹസില്‍ദാര്‍,പഞ്ചായത് സിക്രട്ടറി,വില്ലേജ് ഓഫീസര്‍ തുടങ്ങിയവരാണ് ഇന്ന നടത്തിയ പരിശോധനയില്‍ പങ്കെടുത്തത്.