ഫിറ്റ്‌നെസ് ഇല്ലാതെ 15 സ്‌കൂള്‍ ബസുകള്‍ കേടുകള്‍ തീര്‍ക്കാന്‍ നിര്‍ദ്ദേശം
പുതിയ അധ്യായന വര്‍ഷത്തിന് മുന്നോടിയായി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെആഭിമുഖ്യത്തില്‍ മാനന്തവാടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസ്സുകളുടെ ഫിറ്റ്‌നെസ് പരിശോധന നടത്തി.70 ബസ്സുകള്‍ പരിശോധിച്ചതില്‍ 15 ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്തുന്നതിന് ഫിറ്റ്‌നസ് ഇല്ലെന്ന് കണ്ടെത്തി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ കര്‍ശന പരിശോധനകളാണ് നടത്തിയത്.മതിയായ ബ്രേക്ക് ഇല്ലാത്തവ, ബസ്റ്റിനുള്ളിലെ പ്ലാറ്റ് ഫോം പൊട്ടിപൊളിഞ്ഞ നിലയിലുള്ളവ, വേഗ പൂട്ട് ഘടിപ്പിക്കാത്ത ബസ്സുകള്‍ എന്നിവക്ക് നോട്ടീസ് നല്‍കുകയും കേടുപാടുകള്‍ തീര്‍ത്ത് വയനാട് ആര്‍.ടി.ഒക്ക് മുമ്പില്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കി. വയനാട് ആര്‍ ടി ഒ ജെയിംസ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ കെ രാധാകൃഷ്ണന്‍ എന്നിവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാനന്തവാടി ജോയിന്റ് ആര്‍ ടി ഒ ടി .ജോണ്‍, എം വി ഐ എസ് ഫ്രാന്‍സിസ്, എ എം വി ഐ കെ ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ സ്റ്റിക്കര്‍ ഇല്ലാതെ വിദ്യാര്‍ത്ഥികളുമായി സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കളക്ടര്‍ ചെയര്‍മാനും ആര്‍ ടി ഒ കണ്‍വിനറുമായ ഡിസാസ്റ്റര്‍ മാനേജ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ബസ്സ് ഉടമകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.മാനന്തവാടി താലൂക്കിലെ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് ഈ മാസം 30 ന് മാനന്തവാടി സെന്റ് പാട്രിക് സ് സ്‌കൂളില്‍ വെച്ച് നടക്കും.