ജനവാസ കേന്ദ്രങ്ങളില്‍ അറവ് മാലിന്യങ്ങള്‍

0

മാനന്തവാടി: അറവ് മാലിന്യം അലക്ഷ്യമായി ജനവാസ കേന്ദ്രങ്ങളില്‍ നിക്ഷേപിക്കുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമായി. മാനന്തവാടി ചെറ്റപ്പാലം വരടിമൂല ബൈപ്പാസ് റോഡിലാണ് വീടുകളുടെ സമീപത്തായി മാംസ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത്. ഇവിടെ സമീപത്തെ ഒരു വീട് കേന്ദ്രീകരിച്ചാണ് അറവ് നടക്കുന്നത്. പ്രതിദിനം 20 ഓളം കന്ന് കാലികളെയാണ് അറക്കുന്നത്. ഇതില്‍ നിന്നുള്ള അവശിഷ്ട്ടങ്ങള്‍ അടങ്ങിയ മാലിന്യം സമീപത്തേ ചെറ്റപ്പാലം തോട്ടിലേക്കാണ് ഒഴുക്കി വിടുന്നത്. ഈ വെള്ളം അലക്കാനും മറ്റ് വിവിധ ആവശ്യങ്ങള്‍ക്കുമായി ഈ പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്നതാണ്. മാലിന്യ അവശിഷ്ട്ടങ്ങള്‍ കാക്കകളും മറ്റും കൊത്തി കിണറ്റില്‍ ഇടുന്നത് പലവിധ ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കുകയാണ്. ദുര്‍ഗന്ധം കാരണം ഇതുവഴി കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാനോ പ്രദേശവാസികള്‍ക്ക് വീടുകളില്‍ കിടന്നുറങ്ങുന്നതിനോ കഴിയാത്ത സാഹചര്യമാണ്. മാലിന്യങ്ങള്‍ കെട്ടികിടന്ന് ഈച്ച ശല്യം വര്‍ദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. എരുമത്തെരുവിലെ മത്സ്യ മാംസ മാര്‍ക്കറ്റ് അടച്ച് പൂട്ടിയതോടെ നഗരത്തിന്റെ പരിസര പ്രദേശങ്ങളില്‍ അനധികൃത അറവ് നടക്കുന്നതായി വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം വള്ളിയൂര്‍ക്കാവ് ചെറിയ കുമ്മന പാലത്തിലും, റോഡിലും, പുഴയിലും രക്തക്കറ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പോത്തിന്റ് അവശിഷ്ട്ടങ്ങള്‍ പുഴയില്‍ തള്ളിയതാണെന്ന് കണ്ടെത്തുകയായിരുന്നു. മാംസ അവശിഷ്ട്ടങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് സബ്ബ് കളക്ടര്‍, ആരോഗ്യ വകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കിയതായി നാട്ടുകാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!