മാനന്തവാടിയില്‍ ട്രാഫിക് പരിഷ്‌കരണം നാളെ മുതല്‍
മാനന്തവാടിയില്‍ നാളെ മുതല്‍ പുതിയ ട്രാഫിക് പരിഷ്‌ക്കാരം നിലവില്‍ വരും. കല്ലുകടിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍. ബസ്സ് സ്റ്റാന്റില്‍ ഉള്‍പ്പെടെ ഓട്ടോ ടാക്സി സ്റ്റാന്റുകള്‍ മാറ്റുമ്പോള്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായാണ് മാറ്റിയതെന്നാണ് സി.ഐ.ടി.യു ഒഴികെ തൊഴിലാളി യൂണിയനുകളുടെ നിലപാട്. എന്നാല്‍ ടാക്സി തൊഴിലാളികള്‍ ഉള്‍പ്പെടെ പരിഷ്‌ക്കാരം നടപ്പാക്കാന്‍ സഹകരിക്കണമെന്നും നാളെ മുതല്‍ തീരുമാനം നടപ്പാക്കി തുടങ്ങുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് ഈ മാസം 15 ന് മാനന്തവാടിയില്‍ ചേര്‍ന്ന ഗതാഗത ഉപദേശകസമിതി യോഗം ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. 25 മുതല്‍ പരിഷ്‌കാരം നടപ്പാക്കാനാണ് തീരുമാനിച്ചത്. നഗരസഭയും പോലീസും ചേര്‍ന്ന് സ്ഥാപിച്ച സി.സി.ടിവി ക്യാമറകള്‍ 25 മുതല്‍ പ്രവര്‍ത്തനക്ഷമമാകും. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതോടെ ഗതാഗത നിയമം ലംഘിക്കുന്നത് തടയാന്‍ ഒരു പരിധി വരെ സാധിക്കും. ടൗണില്‍ ആവശ്യമുള്ളിടങ്ങളില്‍ ഇതിനകം സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. മാഞ്ഞുപോയ സീബ്രാ വരകള്‍ പുനസ്ഥാപിച്ചു. നഗരത്തിലെ ബസ്സ് സ്റ്റാന്റ് ഉള്‍പ്പെടെ ഓട്ടോ ടാക്‌സി സ്റ്റാന്റുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ഇത്തരം മാറ്റങ്ങള്‍ തൊഴിലാളികളുമായി ആലോചിക്കാതെയാണ് നടപ്പാക്കുന്നതെന്നാണ് സി.ഐ.ടി.യു ഒഴികെ തൊഴിലാളി യൂണിയനുകളുടെ ആക്ഷേപം അയല്‍ ജില്ലകളിലേയ്ക്കുള്ള ദീര്‍ഘദൂര ബസുകള്‍ നഗരസഭാ ബസ് സ്റ്റാന്റില്‍ നിന്ന് യാത്ര പുറപ്പെടും. കോഴിക്കോട് കുറ്റ്യാടി ഭാഗത്തേയ്ക്കുള്ള ബസുകള്‍ ടൗണില്‍ പ്രവേശിക്കാതെ പോലീസ് സ്റ്റേഷന് മുന്‍വശത്തുള്ള റോഡ് വഴി പോകണം. ടൗണില്‍ പ്രവേശിക്കുന്ന ബസുകള്‍ കോഴിക്കോട് റോഡിലെ ബസ് സ്റ്റോപ്പില്‍ മാത്രം ആളുകളെ കയറ്റുകയും ഇറക്കുകയും വേണം. പോസ്റ്റ് ഓഫീസ് കവലയിലെ ബസ് സ്റ്റോപ്പ് എയിംസ് പി.എസ്.സി പരിശീലന കേന്ദ്രത്തിന് സമീപത്തേക്ക് മാറ്റിയിട്ടുണ്ട്. തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ടാക്‌സി – ഓട്ടോ തൊഴിലാളികള്‍ സഹകരിക്കണമെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. തൊഴിലാളി യൂണിയനുകള്‍ എതിര്‍പ്പ് അറിയിച്ചതോടെ നാളെ ഏതു തരത്തില്‍ ട്രാഫിക് പരിഷ്‌ക്കാരം നടപ്പാക്കുമെന്ന ആശങ്ക ബന്ധപ്പെട്ടവര്‍ക്കുണ്ട്.