ബത്തേരി സംസ്ഥാനത്തെ ആദ്യത്തെ ഇ.വി.എം- വിവി പാറ്റ് വെയര്‍ ഹൗസ് ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയാണ് വെയര്‍ഹൗസ് ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് വയനാട് ജില്ല കാഴ്ചവെച്ചതെന്നും പിന്നോക്ക ജില്ലയായ വയനാട്ടില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിലൂടെ എന്തും ഇവിടെ നടപ്പാക്കാമെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
നേരിട്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് വീഡീയോ കോണ്‍ഫറന്‍സ് വഴി വെയര്‍ ഹൗസിന്റെ ഉദ്ഘാടനം സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍വ്വഹിച്ചത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്വന്തമായി ഇ വി എം – വിവി പാറ്റ് വെയര്‍ ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. ബത്തേരി മിനി സിവില്‍സ്റ്റേഷനു സമീപം 8156 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു കോടി 42 ലക്ഷം രൂപ ചെലവിലാണ് ഇരുനില കെട്ടിടം പൂര്‍ത്തിയാക്കിയത്.നാലായിരത്തോളം ഇ.വി.എം വിവി പാറ്റ് യന്ത്രങ്ങള്‍ ഇവിടെ സൂക്ഷിക്കാം. ചടങ്ങില്‍ ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാര്‍ ഐ.എ.എസ് അധ്യക്ഷനായിരുന്നു. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജനില്‍കുമാര്‍, കെ.എ തോമസ്, രോഷണി നാരായണന്‍, കെ.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.