ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂന്നു ജില്ലകളിലായുള്ള വയനാട് ലോക്സഭാ മണ്ഡലത്തില്‍ വോട്ടെണ്ണുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മണ്ഡലത്തില്‍ മൂന്നു വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് നടക്കുക. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി കോരങ്ങാട് അല്‍ഫോണ്‍സ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നിലമ്പൂര്‍ ഗവ. മാനവേദന്‍ വി.എച്ച്. എസ്.എസിലുമാണ് നടക്കുക. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഓരോ മണ്ഡലത്തിനും 14 വീതം ടേബിളുകള്‍ ഇതിന് പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഇതിലൊന്നില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. ഒരോ ടേബിളിലും ഒരു മൈക്രോ ഒബ്സര്‍വറും സൂപ്പര്‍വൈസറും അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടാവുക. ഓരോ കൗണ്ടിങ് ഹാളിന്റെയും ചുമതല അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫിസര്‍മാര്‍ക്കാണ്. ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ, ട്രെന്റ് എന്നീ ആപ്ലിക്കേഷനുകളിലൂടെ അതാതു സമയങ്ങളില്‍ ഫലമറിയാം.