വിത്തുത്സവത്തിന് ഇന്ന് സമാപനം
സംസ്ഥാന സര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ തിരുനെല്ലി പഞ്ചായത്ത് ഗ്രൗണ്ടിലാരംഭിച്ച വിത്തുത്സവം സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായി. അന്യം നില്‍ക്കുന്ന കാര്‍ഷിക സംസ്‌കാരത്തിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കുന്നതിനും ജൈവ കൃഷിയുടെ പ്രാധാന്യം പുതുതലമുറ കര്‍ഷകരെ ബോധ്യപ്പെടുത്താനുമാണ് വിത്തുത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ജൈവ വിഭവങ്ങളും പശ്ചിമ ഘട്ടത്തിന്റെ ജൈവ വൈവിധ്യങ്ങളും മേളയിലൊരുക്കി ജില്ലയിലെ നിരവധി സന്നദ്ധ സംഘടനകള്‍ മേളയില്‍ സ്റ്റാളുകള്‍ തുറന്നിട്ടുണ്ട്.
പാരമ്പര്യ നെല്‍വിത്തുകളായ പോമാല, കാഗിശാല കയടി ആര്യന്‍ വലിച്ചൂരി, ഗന്ധകശാല, ജീരകശാല, വെളിയന്‍ തുടങ്ങിയ പാരമ്പര്യ നെല്‍വിക്കുകള്‍ക്കു പുറമെ ചതുര പയര്‍, കത്തിപ്പയര്‍, ഇരട്ടവള്ളിപ്പയര്‍ തുടങ്ങിയ അപൂര്‍വ്വ പയര്‍ വര്‍ഗങ്ങളുടെ വിത്തുകളും വിത്തുത്സവത്തിലെ സ്റ്റാളുകളിലുണ്ട്. ധാന്യങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും വിത്തുകള്‍ക്കു പുറമെ പൂച്ചെടികളുടെയും പച്ചക്കറിയിനങ്ങളുടെയും വിത്തുകള്‍ മേളക്കെത്തിയിട്ടുണ്ട്. മണ്ണിനെ അറിയാനും കാര്‍ഷിക സംസ്‌കാരത്തിനു പുത്തനുണര്‍വേകാനും സംഘടിപ്പിച്ചിരിക്കുന്ന മൂന്നു ദിവസത്തെ വിത്തുത്സവം ഇന്ന് സമാപിക്കും. മുന്‍പ് സംഘടിപ്പിച്ച വിത്തുത്സവം വയനാട്ടില്‍ കൃഷി വ്യാപിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. തദ്ദേശീയമായി നെയ്‌തെടുത്ത തൃശ്ശിലേരി പവര്‍ലൂം ഉല്‍പ്പന്നങ്ങളുടെ കാട്ടുഞാവല്‍പഴങ്ങളും ഇത്തവണ വിത്തുത്സവത്തിന്റെ ആകര്‍ഷങ്ങളാണ്. മാനന്തവാടി ആര്‍.ഡി.ഒ, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുഖ്യാതിഥിയായ ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എയാണ് ഇന്നലെ വിത്തുത്സവം ഉദ്ഘാടനം ചെയ്തത്.