നെന്മേനി ചുള്ളിയോട്ടെ വനിത ഐ.ടി.ഐയുടെ കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി കോളിയാടിയില്‍ ഏറ്റെടുത്ത ഭൂമി അയോഗ്യം. ഭൂമി വാങ്ങിയതില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നതായി ആരോപണം. 600 കുട്ടികളെ പ്രവേശിപ്പിക്കേണ്ട സ്ഥാപനത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വാടക കെട്ടിടത്തില്‍ ഇപ്പോള്‍ ഉള്ളത് 60 പേര്‍ മാത്രം. കെട്ടിടം നിര്‍മ്മിക്കാത്ത വനിത ഐ.ടി.ഐ നെന്മേനിക്ക് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായി.ഒപ്പം കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ച 4 കോടി രൂപയും ലാപ്സാകും.
നേന്മേനി പഞ്ചായത്തിലെ ചുള്ളിയോടില്‍ സ്ഥിതി ചെയ്യുന്ന വനിത ഐടിഐയോടുള്ള സര്‍ക്കാര്‍ അവഗണന പ്രതിഷേധാര്‍ഹവും വിദ്യാര്‍ത്ഥി വിരുദ്ധവുമായ നിലപാടാണെന്നും കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. 2008 പ്രവര്‍ത്തനമാരംഭിച്ച ഐടിഐ ഇപ്പോള്‍ ചുള്ളിയോട് ചന്തയിലെ കട മുറികള്‍ക്കുള്ളില്‍ ആണ് പ്രവര്‍ത്തിക്കുന്നത് 600 വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാകേണ്ട ഐടിഐ ഇപ്പോള്‍ പഠിക്കുന്നത് 60 പേര്‍ മാത്രമാണ്. സര്‍ക്കാരിന്റെയും പഞ്ചായത്ത് ഭരണസമിതിയുടെയും അനാസ്ഥകാരണം നിരവധി പെണ്‍കുട്ടികള്‍ക്ക് ആശ്രയം ആകേണ്ട ഐ ടി ഐ യുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാണ് .പഞ്ചായത്ത് ഭരണസമിതിയും സര്‍ക്കാരും വകുപ്പ് ഉദ്യോഗസ്ഥരും അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് കെഎസ്യു നേതൃത്വം നല്‍കുമെന്നും കെഎസ്യു ജില്ലാ പ്രസിഡണ്ട് അമല്‍ ജോയി അറിയിച്ചു.
വനിത ഗവണ്‍മെന്റ് ഐ.ടി.ഐ നെന്‍മേനിക്ക് നഷ്ടമാകില്ലെന്ന് നെന്‍മേനി പഞ്ചായത്ത് ഭരണസമിതി. മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഐ റ്റി ഐ കെട്ടിടത്തിനായി ഭൂമി വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാമചന്ദ്രന്‍.ഐ റ്റി ഐ കെട്ടിടം നിര്‍മിക്കാന്‍ പുതിയ സ്ഥലം ഉടന്‍ കണ്ടെത്തുമെന്നും രാമചന്ദ്രന്‍ വയനാട് വയനാട് വിഷനോട് പറഞ്ഞു.
നെന്‍മേനി വനിത ഐ.ടി.ഐയുടെ കെട്ടിട നിര്‍മ്മാണത്തിന് 4 കോടി അനുവദിച്ചു എന്നത് വ്യാജ പ്രചരണമെന്ന് പഞ്ചായത്ത് അധികൃതര്‍.കെട്ടിട നിര്‍മ്മാണത്തിന് അനുയോജ്യമല്ലാത്ത ഭൂമിയെടുത്തവര്‍ക്കെതിരെ അന്വേഷണം നടന്നു വരികയാണെന്നും, അനുയോജ്യമായ ഭൂമി പഞ്ചായത്ത് കണ്ടെത്തി കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും നെന്‍മേനി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം കെ.രാജഗോപാല്‍.