വിനോദ സഞ്ചാരികളുടെ പറുദീസയായി കൂടല്‍ക്കടവ്
വയനാടന്‍ ഭൂമി ശാസ്ത്രത്തില്‍ കൂടല്‍ക്കടവിന് വ്യക്തമായ പ്രാധാന്യമുണ്ട്. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്നായ കബനി കേരളത്തില്‍ വയനാടു ജില്ലയിലൂടെ മാത്രമാണൊഴുകുന്നത്.മാനന്തവാടിയിലെ കൂടല്‍ക്കടവില്‍ വച്ച് പനമരം പുഴയും മാനന്തവാടി പുഴയും സംഗമിക്കുന്നു. കൂടല്‍ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പുല്‍പ്പള്ളിയെയും മാനന്തവാടിയേയും ബന്ധിപ്പിക്കുന്ന തോണി കടത്ത് കേന്ദ്രമായിരുന്നു. പനമരം പുഴക്കും മാനന്തവാടി പുഴക്കും കുറുകേ പാലം വരികയും മാനന്തവാടി -പുല്‍പ്പള്ളി പട്ടണങ്ങള്‍ തമ്മില്‍ വ്യാപാര വാണിജ്യ ബന്ധം വളരുകയും ചെയ്തു.ഇവിടെ സ്ഥിരമായി ഒരു ചെക്ക്ഡാം വേണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരം 2012 ലാണ് കൂടല്‍ക്കടവില്‍ തടയണ നിര്‍മ്മാണം ആരംഭിച്ചത്. 2014ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഈയടുത്ത കാലത്താണ് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചത്.കണ്ടറിഞ്ഞും കേട്ടറിഞ്ഞും നിരവധി പേരാണ് ഇവിടെ എത്തുന്നത്.ഇതില്‍ ഭൂരിഭാഗം പേരും അന്യജില്ലകളില്‍ നിന്നുള്ളവരാണ് എന്നതാണ് ഏറെ ശ്രദ്ധേയം.തടയണക്ക് മുകളില്‍ നീന്തി തുടിക്കാനാവശ്യമായ വെള്ളം ഉണ്ട്. തടയണക്ക് മുകളിലൂടെ വെള്ളം നനഞ്ഞ് കൊണ്ടുള്ള നടത്തവും ഏറെ ആസ്വാദകരമാണ്. സ്ത്രീകളും ചെറിയ കുട്ടികളും ഉള്‍പ്പെടെ നുറുകണക്കിന് വിനോദ സഞ്ചാരികളാണ് അവധി ദിവസങ്ങളിലും മറ്റും ഇവിടെ എത്തുന്നത്.സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നു ഇവിടെയില്ല.സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനോ, വസ്ത്രം മാറാനോ യാതൊരു സൗകര്യവും ഇല്ല. കൂടാതെ ഇവിടെ ക്കുള്ള റോഡും തകര്‍ന്ന നിലയിലാണ്.