യൂണിവേഴ്സിറ്റി ദിനാഘോഷം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

0

യൂണിവേഴ്സിറ്റി ദിനാഘോഷം കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യുണിവേഴ്സിറ്റി കബനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ദേവേന്ദ്ര കുമാര്‍ സിങ് അധ്യക്ഷത വഹിച്ചു. സര്‍വ്വകലാശാലകള്‍ക്ക് ജനങ്ങളുമായി സൗഹൃദ ബന്ധം സ്ഥാപിക്കാന്‍ കഴിയണമെന്ന് യൂണിവേഴ്സിറ്റി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് വിദ്യാഭ്യാസം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൃഷികാരുമായി അടുത്തിടപ്പെടുന്ന സ്ഥാപനങ്ങളിലൊന്നാണ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി. അതിനാല്‍ ഈ മേഖലയിലെ പുതുസംരംഭകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കി ശാക്തീകരിക്കാന്‍ കഴിയണം. കൃഷി സമൂഹവുമായി സമ്പര്‍ക്കം പുലര്‍ത്താനും അവരുടെ പ്രശ്നങ്ങളില്‍ ഇടപ്പെടാനും വിദ്യാര്‍ത്ഥികള്‍ക്കു കഴിയണം. ഇതു സമൂഹത്തിന്റെ അടിത്തട്ടില്‍ സമഗ്രമായ മാറ്റമുണ്ടാക്കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിലെ കാര്‍ഷിക കുടുംബത്തില്‍ വളര്‍ന്ന ഗവര്‍ണര്‍, അദ്ദേഹത്തിന്റെ കാര്‍ഷിക അനുഭവങ്ങളും സദസുമായി പങ്കുവച്ചു. ചടങ്ങില്‍ ഗോത്രമിഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും ടെക്നോളജി ബിസിനസ് ഇന്‍കുബേഷന്‍ പദ്ധതി ലോഞ്ചിങും കൃഷി-സംരംഭകത്വ സഹായ പുസ്തകങ്ങളുടെ പ്രകാശനവും ഗവര്‍ണര്‍ പി. സദാശിവം നിര്‍വ്വഹിച്ചു. കുറിച്യ സമുദായത്തില്‍ നിന്നും കേരളത്തില്‍ ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷിന് ഗവര്‍ണര്‍ ആശംസ അറിയിച്ചു. കൂടാതെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവരേയും അവാര്‍ഡ് ജേതാക്കളെയും ഗവര്‍ണര്‍ ചടങ്ങില്‍ ആദരിച്ചു.

രജിസ്ട്രാര്‍ പ്രൊഫ. ജോസഫ് മാത്യൂ, വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് വിഭാഗം ഡീന്‍ പ്രൊഫ. സി. ലത, ഡെയറി സയന്‍സ് വിഭാഗം ഡീന്‍ പ്രൊഫ. പി.സുധീര്‍ ബാബു, ഫിനാന്‍സ് ഓഫീസര്‍ കെ.എം ശ്യാം മോഹന്‍, എന്റര്‍പ്രിണന്‍ഷിപ്പ് ഡയറക്ടര്‍ ഡോ.എം.കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് പ്രൊഫസര്‍മാര്‍, റിസേര്‍ച്ച് സയന്റിസ്റ്റുമാര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

Leave A Reply

Your email address will not be published.

error: Content is protected !!