സ്‌കൂള്‍ ഫര്‍ണിച്ചറിലും തട്ടിപ്പിന് ശ്രമം

0

അമ്പലവയല്‍ പഞ്ചായത്തില്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളുകളില്‍ ഗുണനിലവാരമില്ലാത്ത ഫര്‍ണിച്ചറുകള്‍ നല്‍കി തട്ടിപ്പു നടത്താന്‍ ശ്രമം. സംഭവം വിവാദമായതോടെ ഫര്‍ണിച്ചറുകള്‍ തിരിച്ചു കയറ്റി അധികൃതര്‍ തടിയൂരി. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളിലെ പിഞ്ചുകുട്ടികളുടെ ബെഞ്ച് ഡെസ്‌ക്ക് നിര്‍മ്മാണത്തിലാണ് അമ്പലവയല്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളുകളില്‍ തട്ടിപ്പിന് ശ്രമം നടന്നത്. അമ്പലവയല്‍ പഞ്ചായത്തിലെ വിവിധ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളുകളിലേക്ക് 15 ലക്ഷത്തിന്റെ ഫര്‍ണിച്ചറുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് പഞ്ചായത്ത് അധികൃതര്‍ പദ്ധതി തയ്യാറാക്കിയത്. ഇതില്‍ അമ്പലവയല്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ അധികൃതരില്ലാത്ത സമയത്ത് 15 സെറ്റ് ഡെസ്‌ക്കും ബെഞ്ചും ഇറക്കി കരാറുകാരന്റെ ആളുകള്‍ കടന്നു കളയുകയായിരുന്നു. ഗുണനിലവാരമില്ലാത്ത മരം ഉപയോഗിച്ച് ക്വാളിറ്റി കുറഞ്ഞ ഫര്‍ണിച്ചറുകള്‍ സെറ്റിന് 1500 രൂപ പോലും വിലമതിക്കില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഒരു സെറ്റിന് 4500 രൂപ പ്രകാരമാണ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. സ്‌കൂള്‍ അധികൃതരോ വാര്‍ഡ് മെമ്പറോ അറിയാതെയാണ് ഫര്‍ണിച്ചര്‍ ഇറക്കിയത്. സംഭവം വിവാദമായതോടെ ഉച്ചതിരിഞ്ഞ് അമ്പലവയല്‍ പഞ്ചായത്തംഗം എ ഷെമീറിന്റെ നേതൃത്വത്തില്‍ പരിശോധിച്ച് ഗുണനിലവാരം ഇല്ലാത്തവയാണെന്ന് തിരിച്ചറിഞ്ഞ ശേഷം ഫര്‍ണിച്ചര്‍ തിരിച്ചയച്ച് പഞ്ചായത്തിലെ പല സ്‌കൂളുകളിലും ഗുണനിലവാരമില്ലാത്ത ഫര്‍ണിച്ചര്‍ ഇറക്കി വെട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!