തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള വോട്ടുവണ്ടി പ്രയാണത്തിന് കല്‍പ്പറ്റയില്‍ ഉജ്ജ്വല തുടക്കം. സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രോഗ്രാമിന്റെ ഭാഗമായാണ് വോട്ടുവണ്ടി നഗര-ഗ്രാമീണ വഴികളിലൂടെ യാത്ര ആരംഭിച്ചത്. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഭരണഘടന അനുവദിച്ചു നല്‍കുന്ന ഏറ്റവും വലിയ ജനാധിപത്യാവകാശം വിവേകപൂര്‍വം വിനിയോഗിക്കാന്‍ എല്ലാ വോട്ടര്‍മാരും തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും മികച്ച രീതിയില്‍ ജനാധിപത്യ സംവിധാനം പുലരുന്നതിനു വേണ്ടിയാവണം വോട്ടവകാശം വിനിയോഗിക്കേണ്ടത്. ഏപ്രില്‍ 23ന് എല്ലാവരും പോളിങ് ബൂത്തിലെത്തണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പര്യടനം നടത്തുന്ന കുടുംബശ്രീ കലാജാഥയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഹരിത തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുന്നതിന്റെ ഉദ്ഘാടനം സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍വഹിച്ചു.
കല്‍പ്പറ്റ എം.ഇ.എസ് വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബ് അവതരണത്തോടെയായിരുന്നു വോട്ടുവണ്ടി പ്രയാണം തുടങ്ങിയത്. വോട്ട് ചെയ്യൂ, ജനാധിപത്യത്തില്‍ പങ്കാളികളാവൂ എന്ന മുദ്രാവാക്യത്തോടെ തിരഞ്ഞെടുക്കപ്പെട്ട വോട്ടിങ് അംബാസിഡര്‍മാര്‍ അണിനിരന്നു. ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ പ്രതിനിധീകരിച്ച് ഡോ.കൃഷ്ണപ്രിയ, മുതിര്‍ന്ന വോട്ടറും സ്വാതന്ത്രസമര സേനാനിയുമായ എ.എസ് നാരായണപിള്ള, ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സജ്‌ന, പാരമ്പര്യ കര്‍ഷകനായ ചെറുവയല്‍ രാമന്‍, കന്നി വോട്ടറായ നാഷണല്‍ യൂത്ത് പാര്‍ലമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച ജോസഫ് ജെയിംസ്, ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍ ബൈജു സോണി എന്നിവരാണ് ഇത്തവണത്തെ അംബാസിഡര്‍മാര്‍. ഇവരെ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് ഇ.സുരേഷ് ബാബു പരിചയപ്പെടുത്തി. വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അംബാസിഡര്‍മാര്‍ പൊതുജനങ്ങളുമായി സംവദിച്ചു. തുടര്‍ന്ന് വോട്ടുവണ്ടിയില്‍ മോക് പോളിങ് നടത്തി. തുടര്‍ന്ന് കുടുംബശ്രീ റോസി തിയേറ്റേഴ്സിന്റെ കലാപരിപാടിയും അരങ്ങേറി.
കോളനികള്‍, കോളേജുകള്‍, ഗ്രാമപ്രദേശങ്ങള്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടുവണ്ടി ബോധവല്‍ക്കരണ യാത്ര നടത്തും. വൈത്തിരി ടൗണ്‍, ചുണ്ടേല്‍, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ വോട്ടുവണ്ടി ഇന്നു പര്യടനം നടത്തും. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. റംല, സ്വീപ് നോഡല്‍ ഓഫീസര്‍ എന്‍.ഐ ഷാജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, വൈത്തിരി തഹസില്‍ദാര്‍ കെ. മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kalpetta yil ചെയ്യ്ത വോട്ടു വണ്ടി വന്നില്ലേ . അന്ന് ചെയ്യ്ത പ്രോഗ്രാമിന്റെ വീഡിയോ ഉണ്ടോ