കേരളത്തില്‍ വീണ്ടും പക്ഷിപ്പനി; 20,471 പക്ഷികളെ കൊന്നൊടുക്കും

0

ആലപ്പുഴ ഹരിപ്പാടിനടുത്ത് പള്ളിപ്പാട്ട് താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. 20,471 പക്ഷികളെ കൊന്നൊടുക്കും. ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. പ്രദേശത്തെ താറാവുകളെ നാളെ മുതല്‍ നശിപ്പിക്കും. ഇതുവരെ 1500ല്‍ ഏറെ താറാവുകള്‍ ചത്തെന്നാണു കണക്ക്. കുട്ടനാട്ടിലെ നെടുമുടിയില്‍ കഴിഞ്ഞ ദിവസം ഏതാനും താറാവുകള്‍ ചത്തെങ്കിലും അത് പക്ഷിപ്പനി മൂലമല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം.
ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണു സാംപിളുകളില്‍ എച്ച്5 എന്‍1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഹരിപ്പാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളില്‍നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്.രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കും. ഇതിനായി എട്ട് ആര്‍ആര്‍ടികളെയും (റാപ്പിഡ് റെസ്പോണ്‍സ് ടീം) സജ്ജമാക്കിയിട്ടുണ്ട്. കള്ളിങ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ ഹരിപ്പാട് നഗരസഭയുടെയും പള്ളിപ്പാട് ഗ്രാമ പഞ്ചായത്തിന്റെയും അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കി.
ഹരിപ്പാട് നഗരസഭയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നും പക്ഷികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. ഇത് കൃത്യമായി നിരീക്ഷിക്കാന്‍ പൊലീസ്, റവന്യൂ വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!