ചില ദുരിത ജീവിതങ്ങള്‍ക്ക് അതിജീവനം പോലും വേദനാനിര്‍ഭരമായ സമസ്യയായിരിക്കും. ചിലപ്പോള്‍ അവര്‍ക്ക് തന്നെ തോന്നിപ്പോകും മരണത്തിന്റെ കാലൊച്ചകള്‍ക്ക് വേണ്ടിമാത്രമാണ് കാത്തിരിപ്പുകളെന്ന്. ചീരാല്‍ വരിക്കേരി കോളനിയിലെ 80 വയസുകാരി ചീരക്കും മകള്‍ അമ്മിണിക്കും ജീവിതം ദുരിതക്കടലിന്റെ കരയിലെ കാത്തിരിപ്പാണ്.
ചീരയുടെ മകള്‍ അമ്മിണി ദേഹം തളര്‍ന്ന് കിടപ്പിലായിട്ട് വര്‍ഷങ്ങളായി. മൂന്ന് വര്‍ഷങ്ങളായി അമ്മിണി കിടന്ന കിടപ്പിലാണ്. മലമൂത്ര വിസര്‍ജനം പോലും കിടക്കപ്പായയിലാണ് അമ്മിണി നിര്‍വ്വഹിക്കുക. പരിചരിക്കാന്‍ ആകെയുള്ളത് വൃദ്ധയായ ചീര മാത്രം. മകളെ കൈകൊണ്ട് താങ്ങി ഉയര്‍ത്താനുള്ള ത്രാണി പോലും ചീരയ്ക്കില്ല. എന്നിട്ടും എല്ലിച്ച കൈകള്‍കൊണ്ട് അമ്മിണിയെ വലിച്ചിഴച്ച് പ്രാഥമിക കൃത്യങ്ങള്‍ക്കായി അവര്‍ കൊണ്ടുപോകും. ജീവകാരുണ്യത്തിന്റെ വായ്ത്താരി മുഴക്കുന്നവരും അഗതികളുടെ രക്ഷകരാണെന്ന് കൊട്ടിഘോഷിക്കുന്ന വകുപ്പിന്റെ വക്താക്കളും ചീരയുടെ തുണയ്‌ക്കെത്താറില്ല. റേഷന്‍ അരിയും ഇടയ്ക്കും തലയ്ക്കും കിട്ടുന്ന പെന്‍ഷനും തരപ്പെടുത്തി കൊടുത്തതോടെ പൊതു സമൂഹത്തിന് ഈ മനുഷ്യക്കോലങ്ങളോടുള്ള ഉത്തരവാദിത്തം തീര്‍ന്നു. പ്രതീക്ഷകള്‍ അസ്തമിച്ച ഈ രണ്ട് ജീവിതങ്ങള്‍ നേരം പുലരുമ്പോള്‍ അസ്തമനത്തിനും അസ്തമിച്ചാല്‍ കൂരിരുട്ടില്‍ പിറ്റേപ്പുലരിക്കും വേണ്ടി ജീവന്റെ ശ്വാസ ഞരക്കങ്ങള്‍ പുറന്തള്ളി കാത്തിരിക്കുകയാണ്. കനിവുമായി ആരെങ്കിലും വരാതിരിക്കില്ല എന്നാണ് ഇപ്പോഴും ഇവരുടെ പ്രതീക്ഷ.