ബത്തേരി: വയനാട് ലോക്‌സഭമണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വയനാട്ടില്‍ നിന്നുള്ളവരെ അവഗണിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി അംഗം കെ.സി റോസകുട്ടി ടീച്ചര്‍. യോഗ്യതയുണ്ടായിട്ടും വയനാട്ടില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ തന്നെ പരിഗണിക്കാത്തതും വയനാടിനെ അവഗണിച്ചതും വിഷമമുണ്ടാക്കിയതായി ടീച്ചര്‍.സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായേക്കാമെന്നും കോണ്‍ഗ്രസ്സില്‍ കഴിവുണ്ടായിട്ടും പാര്‍ലമെന്റിലും നിയമസഭയിലും വനിതാ പ്രാതിനിധ്യം ഇല്ലെന്നും ടീച്ചര്‍ ആരോപിക്കുന്നു.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും പരിഗണിക്കുന്നവരുടെ പേരില്‍ വരാന്‍ തനിക്കു യോഗ്യതയുണ്ട്. സ്ത്രീ പ്രാതിനിത്യത്തിന് വേണ്ടി എ.ഐ.സി.സി നിര്‍ബന്ധം പിടിക്കുമ്പോഴും ഇവിടെ നിന്നും ലിസ്റ്റ് പോയാല്‍ തന്നെ പരിഗണിക്കുമെന്ന് ധാരണ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഇത്തവണയും ഉണ്ടായി ഇതാണ് തന്നെ തഴയാന്‍ കാരണം. ഇതിനു മുമ്പും ഇത് തന്നെയാണ് സംഭവിച്ചതെന്നും ടീച്ചര്‍ ആരോപിച്ചു. സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യത്തിന് പറ്റിയ വക്തിയാകാത്തതായിരിക്കും ഇതിനുകാരണമെന്നും അവര്‍ പറയുന്നു. ഉത്തരവാദിത്വപെട്ടവര്‍ ആരും തനിക്കുവേണ്ടി സംസാരിച്ചില്ല. താല്‍പര്യമുള്ളവരെ കൊണ്ടുവരാന്‍ പലരും ശ്രമിക്കുകയാണുണ്ടായത്. വയനാടിനെ അവഗണിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും ടീച്ചര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീട്ടിവെച്ചത് എന്ത് കാരണത്താലാണെന്ന് ചോദിച്ച ടീച്ചര്‍ വയനാട്ടില്‍ നിന്നു മാത്രമാണ് ഒരു എം.പിയോ ഒരു സ്ഥാനാര്‍ത്ഥിയോ ഇല്ലാത്തതെന്നും പറഞ്ഞു. നിലവില്‍ അതതു മണ്ഡലത്തില്‍ നിന്നു പരിഗണിച്ചവരാണ് സ്ഥാനാര്‍ത്ഥിയും എം.പിയുമായത്. ഇവിടെ താന്‍വരുന്നതില്‍ ഒരു ഗ്രൂപ്പിനും അതൃപ്തിയില്ലന്നും ടീച്ചര്‍ പറഞ്ഞു.