പനമരത്ത് വീണ്ടും കാട്ടാന ഇറങ്ങി
പനമരത്ത് ഒരാളെ കൊന്ന കാട്ടാന വീണ്ടും ജനവാസകേന്ദ്രത്തില്‍ ഇറങ്ങി ഭീതി വിതക്കുന്നു. കാട്ടിലേക്ക് തിരികെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ 5 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരെ പനമരം പി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പനമരം ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍ (74)ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. രാവിലെ പാല്‍ അളന്ന് തിരിച്ചു വീട്ടിലേക്ക് പോകും വഴി ആനയുടെ മുമ്പില്‍ പെടുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ രാഘവന്‍ ഏറെ നേരം റോഡില്‍ കിടന്നു. തുടര്‍ന്ന് നാട്ടുകാരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. രാവിലെ ഏഴരയോടെയാണ് മരിച്ചത.് വീടിന് മീറ്ററുകള്‍ മാത്രം അകലെവെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൈതക്കല്‍ സ്‌കൂള്‍ പരിസരത്താണ് ആന ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ തുരത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.