തലയ്‌ക്കേറ്റ വെടിയാണ് മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മരണകാരണമെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. 10 മിനിറ്റോളം മോര്‍ച്ചറിക്ക് മുന്നില്‍ പൊതുദര്‍ശത്തിന് വെച്ചതിന് ശേഷം മൃതദേഹം പോലീസ് അകമ്പടിയോടെ നിലമ്പൂരിലെ പാണ്ടിക്കാട്ട് വീട്ടിലേക്ക് കൊണ്ടുപോയി.
സി.പി ജലീലിന്റെ സുഹൃത്തുക്കളടക്കം ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോട് മോര്‍ച്ചറിക്ക് മുന്നിലെത്തിയിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ പോലീസ് മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു.
പോലീസ് വെടിവെപ്പില്‍ ജലീലിന്റെ തലയ്ക്കും തുടയ്ക്കും മുതുകിനും വെടിയേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തലയ്ക്ക് പിന്നിലേറ്റ വെടി തലയോട്ടി തകര്‍ത്ത് പുറത്തുപോയെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് ടര്‍പഞ്ചര്‍ എന്ന തോക്കും അതില്‍ ഉപയോഗിക്കുന്ന എട്ട് തിരകളും കണ്ടെത്തിയിരുന്നു.