നൂറ് രൂപയ്ക്ക് അടിക്കല്ലേ?, പെട്രോള്‍ കുറയും’; വിശദീകരണവുമായി ലീഗല്‍ മെട്രോളജി വകുപ്പ്

0

100, 200 രൂപ എന്നിങ്ങനെ ‘റൗണ്ട് ഫിഗറില്‍’ ഇന്ധനം നിറച്ചാല്‍ പമ്പുകാരുടെ തട്ടിപ്പിന് ഇരയാവുമെന്നും അളവു കുറയുമെന്നുമുള്ള ചിന്ത തെറ്റെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്.  അളവ് കുറവായിരിക്കും എന്ന് കരുതി പലരും റൗണ്ട് ഫിഗറില്‍ അല്ലാതെ ഇന്ധനം നിറയ്ക്കുന്നതില്‍ ശാസ്ത്രീയ അടിത്തറയില്ലെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

 

റൗണ്ട് ഫിഗറില്‍ അല്ലാതെ ഇന്ധനം നിറയ്ക്കാന്‍ ചിലര്‍ മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ല. ഓരോ പെട്രോള്‍ പമ്പിലെയും ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന നോസിലിന്റെ കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്. എണ്ണ വിതരണ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്താണ് നോസിലിന്റെ കാലിബറേഷന്‍ നടത്തിയിട്ടുള്ളതെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് പറയുന്നു.

അഞ്ചുലിറ്റര്‍ വീതമാണ് നോസിലുകള്‍ കാലിബറേറ്റ് ചെയ്തിരിക്കുന്നത്. 30 സെക്കന്‍ഡില്‍ അഞ്ചുലിറ്റര്‍ പെട്രോളോ ഡീസലോ വിതരണം ചെയ്യാന്‍ കഴിയുമെന്ന നിലയിലാണ് കാലിബറേഷന്‍. ഇപ്രകാരം ഒരു മിനിറ്റില്‍ പത്തുലിറ്റര്‍ ഇന്ധനം വിതരണം ചെയ്യാന്‍ സാധിക്കും. അതിനാല്‍ തട്ടിപ്പിനുള്ള സാധ്യത കുറവാണെന്നും ലീഗല്‍ മെട്രോളജി വകുപ്പ് അറിയിക്കുന്നു.

ഡിജിറ്റല്‍ സെറ്റിങ്ങ് ആണ് എന്ന് കരുതിയാണ് റൗണ്ട് ഫിഗറില്‍ അല്ലാതെ പെട്രോള്‍ അടിക്കാന്‍ ഉപഭോക്താക്കളില്‍ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാല്‍ ഇതിന് യാതൊരുവിധ അടിസ്ഥാനവുമില്ല. ഒരു ലിറ്റര്‍ ഇന്ധനമാണ് ആവശ്യപ്പെടുന്നതെങ്കില്‍ 30 സെക്കന്‍ഡിന്റെ അഞ്ചില്‍ ഒരു ഭാഗമാണ് ഉപയോഗിക്കുന്നത്. റൗണ്ട് ഫിഗറില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ കൃത്രിമം നടത്താന്‍ ഒരു സാധ്യതയുമില്ല. 110,125 എന്നിങ്ങനെ റൗണ്ട് ഫിഗറില്‍ അല്ലാതെ ഇന്ധനം നിറച്ചാല്‍ കൃത്യമായി വിതരണം ചെയ്യുമെന്ന ധാരണ തെറ്റാണെന്നും ലീഗല്‍ മെട്രോളജി വകുപ്പ് അറിയിച്ചു.

തെറ്റായ അളവിലാണ് നോസില്‍ ക്രമീകരിച്ചിരിക്കുന്നതെങ്കില്‍ മാത്രമാണ് ഇതിന് സാധ്യതയുള്ളൂ. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. നോസിലില്‍ കൃത്രിമം കാണിച്ചാല്‍ റൗണ്ട് ഫിഗറില്‍ അല്ലാതെ ഇന്ധനം നിറച്ചാലും തട്ടിപ്പിന് ഇരയാക്കപ്പെടും. ഒടിപി അടിസ്ഥാനമാക്കിയാണ് പെട്രോള്‍ വിതരണം നടക്കുന്നത്. സെയില്‍സ് ഓഫീസര്‍, ടെറിട്ടറി മാനേജര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്കെല്ലാം ഒടിപി ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നോസില്‍ ക്രമീകരിച്ച് പെട്രോള്‍ വിതരണം നടക്കുന്നതെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!