മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍ക്കാരിന് പദ്ധതിയില്ല: രമേശ് ചെന്നിത്തല

0

വൈത്തിരിയില്‍ മാവോയിസ്റ്റിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ എല്ലാം കൊല്ലുന്നതല്ല മാവോയിസ്റ്റ് ഭീഷണിക്കുള്ള പരിഹാരം. മാവോയിസ്റ്റുകളെ നേരിടുന്നതിനായി ഒരു തന്ത്രമോ പദ്ധതിയോ സംസ്ഥാന സര്‍ക്കാരിനില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാവോയിസ്റ്റുകളെ നിയന്ത്രിക്കാനും അവരുടെ നീക്കങ്ങള്‍ തകര്‍ക്കാനും കേരള പൊലീസിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് നേതാക്കളായ ഷൈനി, രൂപേഷ് എന്നിവരെ കേരള-ആന്ധ്ര പൊലീസ് സംയുക്തമായാണ് കോയമ്പത്തൂരില്‍ നിന്നും പിടികൂടിയത്. ഒരു തുള്ളി രക്തം പോലും വീഴ്ത്താതെയാണ് രൂപേഷിനേയും ഷൈനിയേയും മുരളിയേയുമെല്ലാം പൊലീസ് ജയിലിലെത്തിച്ചത്. തണ്ടര്‍ ബോള്‍ട്ട് പോലെ പരിശീലനം ലഭിച്ച സംഘത്തെ ഇതിനായി ഫലപ്രദമായി യു.ഡി.എഫ് സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നു. അന്നൊന്നും ഒരാളേയും വെടിവച്ചു കൊല്ലേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വൈത്തിരി സംഭവത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!