സൗരോര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കും; മന്ത്രി എം.എം മണി
സൗരോര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ ആരു സ്വീകരിച്ചാലും അതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. മാനന്തവാടി നഗരസഭ പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ഗവ.യു.പി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയം, ഹരിത പന്തല്‍, സോളാര്‍ ക്യാമ്പസ്, കുട്ടികള്‍ക്കുള്ള സൈക്കിള്‍ വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവൈദ്യുത പദ്ധതി കൊണ്ട് മാത്രം വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കഴിയില്ല. നിലവില്‍ ആവശ്യത്തിന്റെ 30 ശതമാനം വൈദ്യുതി ഉല്‍പ്പാദനമാണ് സംസ്ഥാനത്ത് നടക്കുന്നത്. ബാക്കി 70 ശതമാനവും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ വില കൊടുത്ത് വാങ്ങുകയോ ചെയ്യുകയാണ്. അതുകൊണ്ടു തന്നെ സൗരോര്‍ജ്ജ മാര്‍ഗ്ഗങ്ങളായിരിക്കും ഇനിയുള്ള കാലം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ പറ്റിയ മാര്‍ഗ്ഗമെന്നും അത്തരം സംവിധാനത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതോടൊപ്പം മിച്ചം വരുന്ന വൈദ്യുതി സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലയിലെ ഏറ്റവും നല്ല ഗ്രന്ഥശാലക്കുള്ള അവാര്‍ഡ് നേടിയ ചൂട്ടക്കടവ് ഇ.എം.എസ് ഗ്രന്ഥശാലക്ക് ഉപഹാരം നല്‍കി. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ശോഭരാജന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.ടി. ബിജു, ശാരദ സജീവന്‍, ലില്ലി കുര്യന്‍, കൗണ്‍സിലര്‍ പി.വി. ജോര്‍ജ്, കൗണ്‍സിലറും പി.ടി.എ പ്രസിഡണ്ടുമായ കെ.ബി ജുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.