വൈത്തിരി പൊതു സ്വകാര്യ കെട്ടിടങ്ങള്‍ സൗരോര്‍ജ്ജ കേന്ദ്രങ്ങളാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജ്ജ രംഗത്ത് കാര്യക്ഷമമായ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. സോളാര്‍ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. 1000 മെഗാവാട്ട് വൈദ്യുതി സൗരോര്‍ജ്ജത്തിലൂടെ ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 500 മെഗാവാട്ട് വൈദ്യുതി കെട്ടിടങ്ങളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ വഴി കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. ഡാമുകളില്‍ ഫ്ളോട്ടിംഗ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതും സജീവ പരിഗണയിലാണ്. 500 മെഗാവാട്ട് വൈദ്യുതി ഇതുവഴിയും ഉല്‍പാദിപ്പിക്കും. എന്‍.ടി.പി.സി പോലുളള കേന്ദ്ര ഏജന്‍സികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് വൈദ്യുതി ബോര്‍ഡിന് ലഭിച്ചത്. വൈദ്യുതി ബോര്‍ഡിന്റെ സാങ്കേതിക സഹായം ഇക്കാര്യത്തില്‍ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണയാണ് നല്‍കുന്നത്. ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ് നഷ്ടപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് ത്രിതല പഞ്ചായത്തുകളാണ്. തദ്ദേശ സ്ഥാപനങ്ങള്‍ സജീവമാകുന്നത് ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നുമെന്നാണ് അര്‍ത്ഥമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനമികവിന് ലഭിച്ച ഐ. എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ മന്ത്രി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. ഇരുപത്തിയാറ് ലക്ഷം രൂപ ചെലവഴിച്ചാണ് വൈത്തിരി ഗ്രാമപഞ്ചായത്ത് കെട്ടിടം നവീകരിച്ചത്.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഉഷാകുമാരി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് അംഗം പി.എന്‍ വിമല, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.സി ഗോപി, പഞ്ചായത്ത് സെക്രട്ടറി കെ.ജി സുകുമാരന്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.