വേനല്‍ ചൂടില്‍ വെന്തുരുകി ജില്ല; പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണം

0

വേനല്‍ ശക്തി പ്രാപിച്ചതോടെ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. 32.7 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് തിങ്കളാഴ്ച്ച അനുഭവപ്പെട്ടത് . ഇതാണ് ജില്ലയില്‍ ഈ വര്‍ഷത്തെ കൂടിയ താപനില. ഒരാഴ്ച്ചയായി ശരാശരി ചൂട് 30 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും കുറഞ്ഞിട്ടില്ല. ചൂട് കടുത്തതോടെ കാര്‍ഷിക മേഖലയും പ്രതിസന്ധിയിലാണ്. കൃഷിയിടങ്ങളിലേക്കുള്ള ജലസ്ത്രോതസ്സുകളും, പുഴകളും വറ്റി. ഇതിനിടെ ഇനിയും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ജില്ലയിലും ആശങ്കയുണ്ടാക്കി. ജില്ലയിലും സൂര്യതാപം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പകല്‍ സമയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സമയക്രമം പാലിക്കണമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ശനിയാഴ്ച്ച ചിലയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചത് ആശ്വാസമായി.

സൂര്യാഘാതം: പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണം

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും കൂടുവാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലുളളതിനാല്‍ സൂര്യാഘാതം ഒഴിവാക്കുവാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത ലഘൂകരണ അതോറിറ്റി അറിയിച്ചു പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ച ലേബര്‍ കമ്മീഷണറുടെ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.

സൂര്യാഘാത ലക്ഷണങ്ങള്‍:

ശരീരോഷ്മാവ് 104 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കൂടുതല്‍ ഉയരുക, ചര്‍മ്മം വരണ്ടുപോവുക, ശ്വസനപ്രക്രിയ സാവധാനമാവുക, മാനസിക പിരിമുറുക്കം, തലവേദന, മസില്‍പിടിത്തം, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗലക്ഷണം, ബോധക്ഷയം, ഓക്കാനം, കുറഞ്ഞ-കൂടിയ നാടീമിടിപ്പ്, അസാധാരണമായ വിയര്‍പ്പ്, മന്ദത, മൂത്രം കടുത്ത മഞ്ഞനിറമാവുക, വയറിളക്കം,ചര്‍മ്മം ചുവന്നുതടിക്കുക, പൊള്ളലേല്‍ക്കുക.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍:

കടുത്ത ചൂടിനോട് ദീര്‍ഘനേരം ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക, കഫീന്‍, മദ്യം മുതലായവ ഒഴിവാക്കുക, സണ്‍ഗ്ലാസുകള്‍, കുട എന്നിവ ഉപയോഗിക്കുക, നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കരുതുക, അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, സൂര്യാഘാതമേറ്റാല്‍ രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക. ചൂട് കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തിവയ്ക്കുക, വെള്ളത്തില്‍ നനച്ച തുണി ദേഹത്ത് ഇടുക, വെള്ളം, ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ നല്‍കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!