ബത്തേരി : മുത്തങ്ങയില്‍ വീണ്ടും പോലീസിന്റെ വന്‍ ലഹരി മരുന്ന് വേട്ട. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 93.84ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയെ പിടികൂടി. മലപ്പുറം, തിരൂരങ്ങാടി, ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ അറസ്റ്റ് ചെയ്തത്.
24.02.2025 തിങ്കളാഴ്ച ഉച്ചയോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. കെ.എല്‍ 65 എല്‍ 8957 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ ഗുണ്ടല്‍പെട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഇയാളെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെത്തിയത്.
ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പ്രത്യേക പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നിയമനടപടികളും സ്വീകരിക്കും.
സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി
ബത്തേരി: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി. മലപ്പുറം, കരിപ്പൂര്‍, വട്ടപ്പറമ്പില്‍, മുഹമ്മദ് രജീബ്(25) നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പിടികൂടിയത്. 24/02/2025 തിയതി ഉച്ചയോടെ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. 0.30 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബത്തേരി എസ്.ഐ ഒ.കെ രാംദാസ്, എസ്.സി.പി.ഒ മാരായ സി. ഷൈജു, ബി.എസ്. വരുണ്‍, സ്മിജു, സി.പി.ഒ ഹനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.