നാല് നാള്‍; നാല് പുറം നന്നാക്കാം: മഴക്കാലപൂര്‍വ്വ  ശുചീകരണ ക്യാമ്പയിന്‍ വ്യാഴാഴ്ച തുടങ്ങും

0

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലാഭരണകുടത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ശുചിത്വമിഷനും ഹരിത കേരളമിഷനും സംയുക്തമായി നാലു നാള്‍ നാലു പുറം നന്നാക്കം ശുചീകരണ പരിപാടിക്ക് വ്യാഴാഴ്ച ജില്ലയില്‍ തുടക്കമാകും.

ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം ടൗണ്‍ തോട് വൃത്തിയാക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍  നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയാകും. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി പങ്കെടുക്കും.

കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നീ രോഗങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. പൂട്ടികിടക്കുന്ന സ്ഥാപനങ്ങള്‍ മെയ് 27 ന്, മെയ് 28 ന് പൊതുസ്ഥാപനങ്ങള്‍, മെയ് 29 ന് തോട്, പുഴ, കുളങ്ങള്‍, മെയ് 30 ന് വീടും പരിസരങ്ങളും എന്നിങ്ങനെയാണ് ശുചീകരണം നടക്കുക.

വാര്‍ഡ് സാനിറ്റേഷന്‍ സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികള്‍, ജീവനക്കാര്‍, വിവിധ ക്ലബ്ബുകള്‍, വീടുകള്‍, അംഗങ്ങള്‍, സംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകും.

– പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
– ശുചികരണത്തിന് മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുക.
– വൃത്തിയാക്കിയ അജൈവ മാലിന്യങ്ങള്‍ മാത്രം ഹരിത കര്‍മ്മസേനയ്ക്ക് കൈമാറുക.
– കൂടുതല്‍ വിവരങ്ങള്‍ക്ക്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുക.

ഈഡിസ് കൊതുകിന്റെ ഉറവിടം എവിടെയെല്ലാം ശ്രദ്ധിക്കണം

– കൊതുക് പെറ്റുപെരുകുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം.

– വീടിന്റെ പരിസരങ്ങളിലെ കുപ്പികള്‍, പാത്രങ്ങള്‍, ചിരട്ടകള്‍, മുട്ടത്തോടുകള്‍, ചെടിച്ചട്ടികള്‍, വീടിന്റെ പാരപ്പറ്റുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം.

– ഉപയോഗശൂന്യമായ ടയറുകള്‍, ഫ്രിഡ്ജ് ട്രേ, ടെറസ്, സണ്‍ഷേഡ്, മരപൊത്ത്, മുളംകുറ്റികള്‍, ഉപയോഗശൂന്യമായ കിണര്‍, മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കുന്ന പാത്രങ്ങള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് ലാര്‍വകള്‍ വളരുന്നില്ലെന്ന് ഉറപ്പുവരുത്തണം.

Leave A Reply

Your email address will not be published.

error: Content is protected !!