പുനരധിവാസത്തിന് അനുവദിച്ച വായ്പ ഗ്രാന്റായി മാറ്റണം; പ്രിയങ്ക ഗാന്ധി

0

കല്പറ്റ: ചൂരല്‍മല ദുരന്തത്തിന് ആറ് മാസത്തിനു ശേഷം പുനരധിവാസത്തിന് വായ്പയായി പണമനുവദിച്ച നടപടി നീതികേടും മനുഷ്യത്വരഹിതവുമെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പ്രിയങ്ക ഗാന്ധി എം.പി. കുറ്റപ്പെടുത്തി. 298 ഓളം മനുഷ്യ ജീവനുകളും സ്‌കൂളുകളും ആശുപത്രി സൗകര്യങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അങ്കണവാടികളുമുള്‍പ്പടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും തകര്‍ത്തെറിഞ്ഞ ദുരന്തഭൂമിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. പൂര്‍ണ്ണമായി തകര്‍ന്ന വെള്ളരിമലയിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളും മുണ്ടക്കൈയിലെ സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലുമായി 658 കുട്ടികളാണ് പഠനം നടത്തിയിരുന്നത്. നൂറ്റിപ്പത്തോളം ഏക്കര്‍ ഭൂമി കൃഷി നശിച്ചു. കൃഷിയും വ്യാപാരവും ടൂറിസം പ്രവര്‍ത്തനങ്ങളുമായി ഉപജീവനം നടത്തിയിരുന്ന ജീപ്പ്, ഓട്ടോറിക്ഷ ഡ്രൈവര്‍മാരും, ചെറുകിട വ്യാപാരികളും, ഹോം സ്റ്റേ നടത്തിയവരുമെല്ലാം വരുമാനം നഷ്ടപ്പെട്ട അവസ്ഥയിലാണ്. മേപ്പാടി പഞ്ചായത്തിലെ 10 , 11 വാര്‍ഡുകളിലെ ചെറുകിട വ്യവസായം നടത്തിയിരുന്നവരും രണ്ടറ്റം മുട്ടിക്കാന്‍ കഴിയാതെ വലയുകയാണ് എന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.

ഈ ദുരന്തത്തെ അതിജീവിക്കാന്‍ അസാമാന്യ ധൈര്യം വയനാട്ടിലെ ജനങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായമില്ലാതെ കഴിയില്ല. പുനരധിവാസം വേദനിപ്പിക്കുന്ന നിലയിലുള്ള മന്ദഗതിയിലാണ് നീങ്ങുന്നത് എന്നും അവര്‍ കത്തില്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ നിന്നുള്ള എം.പി.മാരുടെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് അതിതീവ്ര ദുരന്തം എന്ന ഗണത്തില്‍ ചൂരല്‍മല ഉരുള്‍പൊട്ടല്‍ പെടുത്തിയത്. പക്ഷെ പരിമിതമായ സഹായം കടുത്ത മാനദണ്ഡങ്ങളോടെ പ്രഖ്യാപിച്ചത് നിരാശയുണ്ടാക്കുന്നു എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഈ ദുര്‍വിധിയില്‍ വയനാട്ടിലെ ജനങ്ങള്‍ കൂടുതല്‍ സഹായം അര്‍ഹിക്കുന്നുണ്ടെന്നും അതിനെ സഹാനുഭൂതിയോടെ കാണണമെന്നും പറഞ്ഞ പ്രിയങ്ക ഗാന്ധി നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന വായ്പ ദുരിതാശ്വാസമായി മാറ്റണമെന്നും സമയപരിധി നീട്ടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!