മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ദുരന്തമേഖലയിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് ദുരന്തമേഖല പരിശോധിച്ചത്. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെ പരിശോധന നടത്തിയത്.
പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യതയെന്ന് ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി പറഞ്ഞിരുന്നു. ചൂരല്‍മല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണെന്ന് ജോണ്‍ മത്തായി വ്യക്തമാക്കി. ഇവിടെ ഇനി നിര്‍മ്മാണ പ്രവര്‍ത്തനം വേണോ എന്നത് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്ന് ജോണ്‍ മത്തായി പറഞ്ഞു. സുരക്ഷിതവും സുരക്ഷിതവുമല്ലാത്ത മേഖലകളെ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജോണ്‍ മത്തായി പറഞ്ഞു. പുഞ്ചിരിമട്ടത്ത് നദിയോട് ചേര്‍ന്ന് വീടുകള്‍ ഇരിക്കുന്ന ഭാഗം ആപല്‍ക്കരമായ സാഹചര്യമാണ്. അവിടെ താമസിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജോണ്‍ മത്തായി പറഞ്ഞു.