ഉരുള്‍പൊട്ടലില്‍ വ്യാപാരികള്‍ക്ക് ഉണ്ടായത് 25 കോടി രൂപയുടെ നഷ്ടം

0

ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ,ചൂരല്‍മല പ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക് ഉണ്ടായത് 25 കോടി രൂപയുടെ നഷ്ടം.ദുരന്തം 78 വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചതായും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ സര്‍വ്വെയില്‍ ബോധ്യപ്പെട്ടതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അതേസമയം വ്യാപാരികള്‍ക്ക് ധനകാര്യ സ്ഥാപനങ്ങളിലുള്ള ബാധ്യത പൂര്‍ണമായും എഴുതിത്തള്ളണമെന്നും സംഘടന ആവശ്യപ്പെട്ടു.

ചൂരല്‍മല ടൗണിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലില്‍ തകര്‍ന്നത് 78 ഓളം വ്യാപാര സ്ഥാപനങ്ങളാണ്. ചിലത് പൂര്‍ണമായും ചിലത് ഭാഗികമായും തകര്‍ന്ന നിലയിലാണ്. പല കടകളിലും ഉണ്ടായിരുന്ന ചരക്കുകള്‍ നാമാവശേഷമായി.ടൗണിലെ മണ്ണും ചെളിയും വ്യാപാരികളും സന്നദ്ധ പ്രവര്‍ത്തകരും ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞ് ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സംവിധാനമുണ്ടാവണമെന്നും വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു.

വിവിധ ബേങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ വ്യാപാരികള്‍ക്ക് വന്‍ കട ബാധ്യതയാണുള്ളത് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അവ എഴുതിത്തള്ളണമെന്നും വ്യാപാരികള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. കേരള വ്യാഹരി വ്യവസായി ഏകോപന സമിതി മേപ്പാടി വ്യാപാരഭവനില്‍ ക്യാമ്പ് ഓഫീസ് തുറന്ന് സേവന പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും നേത്യത്വം കൊടുത്തു വരുന്നുണ്ടന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി ജോയ്, ജനറല്‍ സെക്രട്ടറി കെ ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍ ജില്ലാ ഭാരവാഹികളായ അഷ്റഫ് മേപ്പാടി, എ.പി ശിവദാസ്, പി.വി. അജിത് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!