അതിവേഗം അതിജീവനം: ഗ്യാസ് കണക്ഷനുകള്‍ നല്‍കി പൊതുവിതരണ വകുപ്പ്

0

താത്ക്കാലിക പുനരധിവാസത്തിന് ഒരുങ്ങുന്ന കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കി പൊതുവിതരണ വകുപ്പ്. മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ നിന്നും വാടക വീടുകളിലേക്ക് മാറുന്നവര്‍ക്കാണ് ഗ്യാസ് കണക്ഷന്‍ വിതരണം ചെയ്തത്. ദുരന്തബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ റേഷന്‍ കാര്‍ഡ്, ഗ്യാസ് കണക്ഷന്‍ എന്നിവ നഷ്ടമായവര്‍ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസ് -04936255222, ജില്ലാ സപ്ലൈ ഓഫീസ്-04936202273 നമ്പറുകളില്‍ ബന്ധപ്പെടണം.

താത്ക്കാലിക വീടുകളിലേക്ക് താമസം മാറുന്ന രണ്ട് കുടുംബങ്ങള്‍ക്കാണ് കബനി ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി മുഖേന ഗ്യാസ്‌കുറ്റി, റെഗുലേറ്റര്‍ എന്നിവ വിതരണം ചെയ്തത്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്ന് വിവിധ ഗ്യാസ് ഏജന്‍സികളുടെ സഹായത്തോടെ 59 സിലിണ്ടറുകള്‍ വകുപ്പ് ഏറ്റെടുത്ത് വിവിധ ഏജന്‍സികളില്‍ സുക്ഷിച്ചിട്ടുണ്ട്. അവശേഷിക്കുന്ന സിലിണ്ടറുകള്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ ദുരന്തപ്രദേശത്ത് നിന്ന് ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

പുതിയ കണക്ഷനായി ക്യാമ്പുകളില്‍ നിന്നും 52 കുടുംബങ്ങളുടെ ലിസ്റ്റാണ് നിലവില്‍ ലഭിച്ചത്. ലിസ്റ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഐ.ഒ.സി.യുടെ സഹകരണത്തോടെ ഗ്യാസ് കണക്ഷന്‍ നഷ്ടമായവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ട 177 കുടുംബത്തിന് കാര്‍ഡ് വീണ്ടെടുത്ത് നല്‍കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ജെ ജയദേവ് അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!