ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്ത സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തന മേഖലയിലും ശുദ്ധജല വിതരണം ഉറപ്പാക്കി സംസ്ഥാന വാട്ടര്‍ അതോറിറ്റി. ആദ്യ ദിവസം മാത്രം 7000 ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്തതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഇതിനകം നാലേകാല്‍ ലക്ഷം ലിറ്റര്‍ ശുദ്ധജലമാണ് വിതരണം ചെയ്തത്. കാരാപ്പുഴയില്‍ നിന്നുള്ള ശുദ്ധീകരിച്ച വെള്ളമാണ് വിതരണത്തിനായി പയോഗിക്കുന്നത്.
ക്യാംപുകളിലും മറ്റുമായി ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ജല ഉപഭോഗത്തിനനുസൃതമായി ടാങ്കര്‍ ലോറികളിലും മറ്റുമായി രാപകല്‍ ഭേദമില്ലാതെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വെള്ളമെത്തിച്ചു നല്‍കി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആദ്യ ദിനം മുതല്‍ തന്നെ ആവശ്യത്തിന് കുടിവെള്ളവും ശുദ്ധജലവും ഉറപ്പുവരുത്താനായി. ആദ്യ ദിവസം സന്നദ്ധ സംഘടനകള്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുകയും വാട്ടര്‍ അതോറിറ്റി വെന്റിംഗ് പോയിന്റുകളില്‍ നിന്ന് കുടിവെള്ളം നിറച്ച് നല്‍കുകയുമാണ് ചെയ്തിരുന്നത്. രക്ഷാ, തിരച്ചില്‍ ദൗത്യങ്ങള്‍ക്കായി കൂടുതല്‍ ഉദ്യോഗസ്ഥര്യം സന്നദ്ധപ്രവര്‍ത്തകരും എത്തിയതോടെ വെള്ളത്തിന്റെ ആവശ്യം കൂടി. ജില്ലയില്‍ വാട്ടര്‍ അതോറിറ്റിക്ക് കുടിവെള്ള ടാങ്കര്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് നിന്ന് ടാങ്കര്‍ വരുത്തിയും സ്വകാര്യ ടാങ്കറുകള്‍ ഉപയോഗിച്ചും അതോറിറ്റി തന്നെ ജലവതരണം പൂര്‍ണമായും ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സന്നദ്ധ സംഘടനകള്‍ ഏര്‍പ്പെടുത്തിയ ടാങ്കറുകളുടെ ചെലവും വാട്ടര്‍ അതോറിറ്റി ഏറ്റെടുത്തു.
മേപ്പാടി ജിയുപി സ്‌കൂള്‍, ജിഎച്ച്എസ്എസ്, ജിഎല്‍പിഎസ്, ഹെല്‍ത്ത് സെന്റര്‍ മേപ്പാടി, മിലിറ്ററി ക്യാമ്പ് മേപ്പാടി, സെന്റ് ജോസഫ് യുപി സ്‌കൂള്‍ മേപ്പാടി, എംഎസ്എ ഹാള്‍ മേപ്പാടി, ജിഎപിഎസ് റിപ്പണ്‍ തുടങ്ങി ആവശ്യമുള്ള എല്ലായിടങ്ങളിലും കൃത്യമായ ഇടവേളകളില്‍ ശുദ്ധജല വിതരണം അതോറിറ്റി നടത്തിവരുന്നു. നിലവില്‍ പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് ക്യാംപുകളിലും മറ്റുമായി വിതരണം ചെയ്യുന്നതെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടി കെ ജിതേഷ് പറഞ്ഞു. കാരാപ്പുഴയില്‍ നിന്നുള്ള ശുദ്ധീകരിച്ച വെള്ളമാണ് വിതരണത്തിനായി പയോഗിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കല്‍പ്പറ്റയിലെ ഗൂഡലായി ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ നിറച്ചാണ് വിതരണം. വെള്ളത്തിന്റെ ഗുണനിലവാര പരിശോധന കൃത്യമായ ഇടവേളകളില്‍ വാട്ടര്‍ അതോറിറ്റി ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നടത്തുന്നുണ്ട്.
പുഞ്ചിരിമറ്റം, മുണ്ടകൈ ഭാഗങ്ങളില്‍ സ്ഥാപിച്ച ബയോ ടോയ്ലറ്റുകളിലേക്കുള്ള ജലവിതരണവും വാട്ടര്‍ അതോറിറ്റിയാണ് നടത്തുന്നത്. ജലവിതരണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനും പ്രശ്നങ്ങളുണ്ടെങ്കില്‍ പരഹിരിക്കുന്നതിനുമായി അതോറിറ്റി ഉദ്യോഗസ്ഥര്‍ എല്ലായിടങ്ങളിലും പരിശോധനയും നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.