ദുര്‍ഘടപ്രദേശങ്ങളില്‍ ഹാം റേഡിയോ, കളക്ടറേറ്റില്‍ ബേസ് സ്റ്റേഷന്‍

0

 

പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് ആശയവിനിമയം സങ്കീര്‍ണമായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ നിന്ന് വിവരശേഖരണം വേഗത്തിലാക്കുന്നതിന് ഹാം റേഡിയോ സംവിധാനം. കല്‍പ്പറ്റയിലെ കളക്ടറേറ്റിലാണ് ബേസ് സ്റ്റേഷന്‍. ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ ഇവിടേക്ക് വിവരങ്ങള്‍ കൈമാറുന്നു.

ഉരുള്‍ ജല പ്രവാഹത്തില്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയിലെ സെല്‍ ടവറുകള്‍ പാടെ നിലംപൊത്തിയിരുന്നു. വളരെ പരിമിതമായ തോതിലാണ് നിലവില്‍ സെല്‍ ഫോണ്‍ സേവനം ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്. കളക്ടറേറ്റില്‍ താഴത്തെ നിലയിലാണ് ബേസ് സ്റ്റേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. റിസീവറുകള്‍, ആംപ്ലിഫയര്‍, ലോഗിങിനും ഡിജിറ്റല്‍ മോഡുലേഷനുമുള്ള കമ്പ്യൂട്ടറുകള്‍ എന്നിവയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനിലേക്ക് ദുരന്തഭൂമിയില്‍ നിന്നും ഹാം റേഡിയോ ട്രാന്‍സ്മിറ്ററുകളിലൂടെ ഓപ്പറേറ്റര്‍മാര്‍ വിവരങ്ങള്‍ നല്‍കുന്നു.

അമ്പലവയല്‍ പൊന്മുടിക്കോട്ടയില്‍ സ്ഥാപിച്ചിട്ടുള്ള ഫാന്റം റോക്ക് റിപ്പീറ്ററാണ് ഹാം റേഡിയോ ആശയവിനിമയം സുഗമമാക്കുന്നത്. ഹാം ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സുല്‍ത്താന്‍ ബത്തേരി ഡി.എക്‌സ് അസോസിയേഷനാണ് റിപ്പീറ്റര്‍ സ്ഥാപിച്ചത്. അസോസിയേഷന്‍ ചെയര്‍മാന്‍ സാബു മാത്യു, സീനിയര്‍ ഹാം ഓപ്പറേറ്ററും സുല്‍ത്താന്‍ ബത്തേരി ഗവ.ആശുപത്രിയിലെ പള്‍മണോളജിസ്റ്റുമായ ഡോ. എബ്രഹാം ജേക്കബ് എന്നിവരാണ് ഹാം റേഡിയോ സേവനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ദുരന്തദിനത്തില്‍ തന്നെ ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ രംഗത്തിറങ്ങിയിരുന്നു. മുണ്ടക്കൈയിലെത്തിയെ ആദ്യ സേനാ സംഘം ആവശ്യപ്പെട്ടതനുസരിച്ച് പ്രദേശവാസികളെ അവിടേക്കെത്തിക്കാന്‍ തുണയായത് ഹാം റേഡിയോ സന്ദേശമാണ്.

നിലവില്‍ ചൂരല്‍മല -മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സംഘങ്ങളിലെ ഓരോ ടീമിനൊപ്പവും ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ സേവനം ഉറപ്പാക്കി മേഖലയില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ യഥാസമയം കളക്ടറേറ്റിലേക്ക് കൈമാറുന്നുണ്ട്. എം. നിധിഷ്, അശ്വിന്‍ദേവ്, ഡോ. രോഹിത് കെ.രാജ്, അനൂപ് മാത്യു, കെ.എന്‍ സുനില്‍, എം. വി ശ്യാംകുമാര്‍, മാര്‍ട്ടിന്‍ കെ ഡൊമിനിക്, ടി.വി സന്തോഷ്, സുനില്‍ ജോര്‍ജ് എന്നിവരാണ് ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തന വിവരങ്ങള്‍ പ്രക്ഷേപണ കേന്ദ്രം മുഖേന കളക്ടറേറ്റിലേക്ക് കൈമാറുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!