പിഞ്ചു കുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടി; കാമിതാക്കള്‍ തിരുനെല്ലിയില്‍ അറസ്റ്റില്‍
രണ്ട് വയസ്സുകാരിയായ മകളേയും നാല് വയസുള്ള മകനേയും, ഭര്‍ത്താവിനേയും ഉപേക്ഷിച്ച് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട തമിഴ് നാട്ടുകാരനായ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും, കാമുകനേയും തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടിയില്‍ താമസിക്കുന്നതും പാല്‍ വെളിച്ചം സ്വദേശിനിയുമായ ശ്രുതി (24), മധുര അമ്പലത്തടി കുമാര്‍ എന്ന രാജ്കമു (25) എന്നിവരാണ് ഒളിച്ചോടി രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷം പോലീസിന്റെ വലയിലായത്. യുവാവിനെ തിരുപ്പൂര് നിന്നും, യുവതിയെ ദിണ്ഡുഗലില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. പോലീസിന്റെ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്ക് പിടികൊടുക്കാതെ പല സിം കാര്‍ഡുകളും മറ്റും ഉപയോഗിച്ച് ഒളിവില്‍ കഴിഞ്ഞ ഇവരെ തിരുനെല്ലി സി ഐ പി എല്‍ ഷൈജു, എസ്.ഐ സി ആര്‍ അനില്‍ കുമാര്‍, എ എസ് ഐ സുരേഷ്, സി പി ഒ സിജുമോന്‍, ഡ്രൈവര്‍ രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.