വയനാടിനെ വരള്‍ച്ച ബാധ്യതാ ജില്ലയായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.എസ് അജിത് കുമാര്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന് കൈമാറി. വരള്‍ച്ചയില്‍ കൃഷിനാശമുണ്ടായ പഞ്ചായത്തുകള്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചതായും ഏകദേശം 25 കോടിയുടെ നഷ്ടം കണക്കാക്കുന്നതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പലയിടത്തും കുടിവെള്ളക്ഷാമവും നേരിടുന്നുണ്ട്.
മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ മാത്രം വരള്‍ച്ച ബാധിച്ച് 235.8 ഹെക്ടറില്‍ അധികം കാപ്പി, കുരുമുളക്, വാഴ കൃഷികള്‍ ഉണങ്ങി നശിച്ചിട്ടുണ്ട്. പനമരം, കണിയാമ്പറ്റ, തൊണ്ടര്‍നാട്, തിരുനെല്ലി, തവിഞ്ഞാല്‍, ഇടവക, വെള്ളമുണ്ട, മാനന്തവാടി, അമ്പലവയല്‍, നെന്മേനി, സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ, മീനങ്ങാടി, മുട്ടില്‍, പടിഞ്ഞാറത്തറ, കല്‍പ്പറ്റ, പൊഴുതന, കോട്ടത്തറ, മേപ്പാടി, വേങ്ങപ്പള്ളി, വൈത്തിരി, പഞ്ചായത്തുകളിലും വ്യാപകമായി വിളകള്‍ നശിച്ചു. കുരുമുളക് 198.2 ഹെക്ടര്‍, കാപ്പി 39 ഹെക്ടര്‍, നെല്ല് 10 ഹെക്ടര്‍, കവുങ്ങ് 21 ഹെക്ടര്‍, വാഴ 76.01 ഹെക്ടര്‍, പച്ചക്കറി 2 ഹെക്ടറിലും ഉണങ്ങി നശിച്ചതായി കൃഷി ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്. വ്യാപക കൃഷി നാശം കാരണം കര്‍ഷകര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഒരാഴ്ച കൂടി മഴ ലഭിക്കാതെ വന്നാല്‍ ജലസ്രോതസ്സുകള്‍ പൂര്‍ണമായും വറ്റിപ്പോകുമെന്നും കൃഷിനാശം ഇരട്ടി ആകുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.