കല്ലമ്പലത്തിന് ശാപമോക്ഷം ജനാര്‍ദന ഗുഡി നവീകരിക്കുന്നു
ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ജില്ലയിലെ കല്ലമ്പലങ്ങളില്‍ ഒന്നായ പുഞ്ചവയല്‍ നീര്‍വാരം റോഡിലുള്ള ജനാര്‍ദന ഗുഡിയുടെ നവീകരണ പ്രവര്‍ത്തികള്‍ തുടങ്ങി. സ്ഥലവും പരിസരവും വൃത്തിയാക്കി ഓരോ ശിലയ്ക്കും നമ്പറിടുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചു. 27 നു കല്ലമ്പലം പൊളിച്ചു നീക്കല്‍ ആരംഭിക്കും.പൊളിച്ചെടുക്കുന്ന കല്ലുകള്‍ നമ്പര്‍ അടിസ്ഥാനത്തില്‍ തന്നെ അടുക്കി വയ്ക്കും.
പൊളിച്ചെടുക്കുന്ന കല്ലുകള്‍ നമ്പര്‍ അടിസ്ഥാനത്തില്‍ തന്നെ അടുക്കി വയ്ക്കുകയും വാനം മാന്തി അമ്പലം പഴയ രീതിയില്‍ തന്നെ നിര്‍മിക്കുകയും ചെയ്യും. ആദ്യം ശ്രീകോവിലാണു പണി പൂര്‍ത്തീകരിക്കുക. തുടര്‍ന്ന് അന്തരാളം, പിന്നീട് 4 തൂണുകളോടു കൂടിയ മഹാമണ്ഡപം, തുടര്‍ന്ന് 2 തൂണുകളോടു കൂടിയ മുഖമണ്ഡപവും ഒടുവില്‍ സോപാനവും കൂടി നിര്‍മിക്കുന്നതോടെ ജനാര്‍ദന ഗുഡി എന്ന കല്ലമ്പലത്തിന്റെ പണികള്‍ പൂര്‍ത്തിയാകും. സിമന്റിനു പകരം ചുണ്ണാമ്പു ചേര്‍ത്ത സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണു നിര്‍മാണം.
നിര്‍മാണം നടക്കുമ്പോള്‍ പുഞ്ചവയല്‍ ദാസനക്കര റോഡില്‍ അമ്പലം സ്ഥിതി ചെയ്യുന്ന ഭാഗത്ത് 3 മീറ്റര്‍ റോഡ് ഏറ്റെടുക്കേണ്ടി വരും. ജനാര്‍ദന ഗുഡിയുടെ ജീര്‍ണോദ്ധാരണ പ്രവൃത്തിക്കു ശേഷമായിരിക്കും മറ്റൊരു ശിലാക്ഷേത്രമായ വിഷ്ണു ഗുഡിയുടെ നിര്‍മാണ പ്രവൃത്തി ആരംഭിക്കുക.
നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ളതും തകര്‍ക്കപ്പെട്ടതുമായ കല്ലമ്പലങ്ങളില്‍ കല്‍തൂണുകളില്‍ കൊത്തിവച്ചിട്ടുള്ള ശില്‍പങ്ങളും ചിത്രങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ പുനര്‍നിര്‍മിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണു കേന്ദ്ര പുരാവസ്തു വകുപ്പ് പദ്ധതികള്‍ തയാറാക്കിയിരിക്കുന്നത്.