വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കണമെന്ന് ഐ.സി. ബാലകൃഷ്ണന്‍

0

രൂക്ഷമായ വരള്‍ച്ച നേരിടുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കൃഷി-ജലസേചന വകുപ്പ് മന്ത്രിമാര്‍ സന്ദര്‍ശിക്കണമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. മന്ത്രിമാര്‍ വരള്‍ച്ചാബാധിത മേഖലകള്‍സന്ദര്‍ശിക്കുന്നതിനൊപ്പം മന്ത്രി സഭ ഗൗരവപൂര്‍വം ഈ വിഷയത്തില്‍ തീരുമാനമെടുത്ത് കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരവും മറ്റാനുകൂല്യങ്ങളും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വരള്‍ച്ചയില്‍ കൃഷി നശിച്ച തോട്ടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് എം.എല്‍.എ. ഇക്കാര്യം ആവശ്യപ്പെട്ടത്.

കടുത്ത വേനലില്‍ കാര്‍ഷിക വിളകളെല്ലാം കരിഞ്ഞുണങ്ങി നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ മേഖലയിലെ ജലസേചന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മൂന്ന് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച അമ്പത് വയല്‍ ഇറിഗേഷന്‍ പദ്ധതിയുണ്ട്. ഈ പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് വേണ്ടി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരോട് രേഖാമൂലം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഇക്കാര്യത്തില്‍ ജലസേചന മന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലി, കുന്നത്തുകവല, ചാമപ്പാറ, ശശിമല പ്രദേശങ്ങളിലാണ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്. എം.എല്‍.എ.യോടൊപ്പം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍, ഗ്രാമപ്പഞ്ചായത്തംഗം പി.കെ. ജോസ്, വര്‍ഗീസ് മുരിയന്‍കാവില്‍, എന്‍.യു. ഉലഹന്നാന്‍, ഷിനോ കടുപ്പില്‍, സുനില്‍ പാലമറ്റം, മനോജ് കടുപ്പില്‍, ശിവരാമന്‍ പാറക്കുഴി, സണ്ണി കുളിരേല്‍ തുടങ്ങിയവരുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!