കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു

0

വരള്‍ച്ച മൂലം കൃഷി നശിച്ച മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങള്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ശശിമല, കുന്നത്തുകവല, ചാമപ്പാറ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. മേഖലയില്‍ രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് കര്‍ഷകരുടെ കുരുമുളക്, കാപ്പി, ഏലം, തെങ്ങ്, കമുക്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപകമായി കരിഞ്ഞുണങ്ങിയിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. കൃഷി നാശംമൂലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന് പരിഹാരം കാണാന്‍ കൃഷി വകുപ്പും റവന്യൂ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിച്ച് കൃഷി നാശം തിട്ടപ്പെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുള്ളന്‍കൊല്ലി, പുല്പള്ളി മേഖലയെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രദേശത്ത് കടുത്ത ജലക്ഷാമമാണ് നേരിടുന്നതെന്നും ജലസ്രോതസുകളായ കന്നാരംപുഴയും മുദ്ദള്ളിത്തോടും കടമാന്‍തോടും വറ്റിവരണ്ടതോടെ കിണറുകളിലും കുഴല്‍ കിണറുകളിലും വെള്ളം വറ്റിയ അവസ്ഥയാണ്. അടിയന്തിരമായി ജില്ലാ ഭരണകൂടം കൃഷി നാശമുണ്ടായ മേഖലകള്‍ സന്ദര്‍ശിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി, വര്‍ഗീസ് മുരിയന്‍കാവില്‍, എന്‍.ആര്‍. പരിതോഷ് കുമാര്‍, പി.എം. കുര്യന്‍, ബിനു നടുപറമ്പില്‍ എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!